രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നൽകി ഐസിഎംആർ റിപ്പോർട്ട്

രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നൽകി ഐസിഎംആർ റിപ്പോർട്ട്. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ടാം ഘട്ട റാൻഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 199 പേരാണ് മരിച്ചിരിക്കുന്നത്. 6412 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 12 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 30 പേരാണ്. 547 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,364 ഉം, മരണസംഖ്യ 97 ആയി ഉയർന്നു. മുംബൈയിലും പൂനെയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. മുംബൈയിൽ ഒമ്പതും പൂനെയിൽ ആറ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ധാരാവി അടക്കമുള്ള ജനസാന്ദ്രതയുള്ള മേഖലകളിൽ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് സർക്കാർ. ഹോട്ട്‌സ്‌പോട്ടുകൾ കണക്കാക്കിയ മുംബൈയിലെ 381 ഇടങ്ങൾ അടച്ചിട്ടു. തിങ്ങി നിറഞ്ഞ സ്ഥലത്ത് താമസിക്കുന്ന ആളുകളെയൊക്കെ സാമൂഹ്യ അകലം പാലിക്കാനായി സ്‌കൂളുകളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു. ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ദക്ഷിണകൊറിയയിൽ നിന്നെത്തിക്കാൻ മുംബൈ കോർപ്പറേഷൻ തീരുമാനിച്ചു.
Read Also : കൊവിഡ് 19: മൃതദേഹം സംസ്‌കരിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ [24 Explainer]
തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ച 96 ൽ 84 പേരും ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയവരാണ്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഒരു ഡോക്ടറും ഉൾപ്പെടുന്നു. തമിഴ്‌നാടിന് അനുവദിച്ച അൻപതിനായിരം റാപിഡ് കിറ്റുകളിൽ ഇരുപതിനായിരം എണ്ണം രാത്രി സംസ്ഥാനത്തെത്തിച്ചു. 2500 വെൻറിലേറ്റേഴ്‌സും ഒരു ലക്ഷത്തി മുപ്പതിനായിരം പിസിആർ ടെസ്റ്റ് കിറ്റും സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചു. വില്ലുപുരത്തെ ആശുപത്രിയിൽ നിന്നും കൊവിഡില്ലെന്ന് തെറ്റിദ്ധരിച്ച് ഡിസ്ചാർജ് ചെയ്ത ഡൽഹി സ്വദേശിയെ ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശമാണ് തമിഴ്‌നാട് സർക്കാരിനുള്ളത്.
കർണാടകയിൽ 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 197 ആയി. സംസ്ഥാനത്തെ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here