Advertisement

മധ്യപ്രദേശില്‍ നിരീക്ഷണത്തില്‍ ഇരിക്കാത്ത കുടുംബങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് ഭരണകൂടം

April 10, 2020
Google News 1 minute Read

പുറത്തിറങ്ങാതിരിക്കാന്‍ നിരീക്ഷണത്തിലുള്ളവരെ വീട്ടില്‍ പൂട്ടിയിട്ട് മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലാ ഭരണകൂടം. 47 ആളുകളെയും അവരുടെ കുടുംബങ്ങളെയുമാണ് ഇങ്ങനെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നത്. 14 ദിവസം പൂട്ടിയിട്ട് കൊറോണ വൈറസിന്റെ വ്യാപനം പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. ഖജുരാഹോയിലും രാജ് നഗറിലുമാണ് ഇത്തരത്തിലുള്ള നടപടി.

തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 344 കിലോമീറ്റര്‍ അകലെയുള്ള ഛത്തര്‍പൂര്‍ ജില്ലയിലാണ് അധികൃതര്‍ ആളുകളെ പൂട്ടിയിരിക്കുന്നത്. ഈ രണ്ട് നഗരങ്ങളിലും മാര്‍ച്ച് 25 മുതല്‍ നിയന്ത്രണങ്ങളുണ്ട്. കൊറോണ വൈറസ് പോസിറ്റീവായ ഒരു ടൂറിസ്റ്റ് ഇവിടങ്ങളിലൂടെ കടന്നുപോയി എന്ന കാരണത്താലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കാന്‍ പറഞ്ഞിട്ടും സഹകരിക്കാത്ത ആളുകളെയാണ് ഇത്തരത്തില്‍ പൂട്ടിയിട്ടിരിക്കുന്നതെന്നാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്വാമ്‌നില്‍ വാഖഡെ നല്‍കുന്ന വിശദീകരണം. മാര്‍ച്ച് 31 ശേഷം ജില്ലയില്‍ നിന്ന് പുറത്ത് പോയി തിരിച്ചെത്തിയവരെയാണ് ഇത്തരത്തിലുള്ള നടപടിക്ക് വിധേയരാക്കിയിരിക്കുന്നത്. അവര്‍ ഗ്വാളിയോര്‍, ഭോപ്പാല്‍, കാണ്‍പൂര്‍, അലഹാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ചികിത്സക്ക് വേണ്ടി പോയവരാണ്.

നേരത്തെ ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നില്ല. പിന്നീട് രണ്ട് ദിവസമായി ഇവരില്‍ പലരും പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അതിനാലാണ് കര്‍ശനമായ ജാഗ്രതാ നടപടി ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അവരുടെ വീട്ടുകാരും അവരുമായി സമ്പര്‍ക്കത്തില്‍ ആയിരുന്നു. അതിനാല്‍ കുടുംബത്തെയും ക്വാറന്റീനില്‍ ആക്കേണ്ടി വന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനോട് അദ്ദേഹം വ്യക്തമാക്കി.

നിരീക്ഷണത്തിലിരിക്കുന്ന ആളുകള്‍ക്ക് വേണ്ട സാധനസാമഗ്രികള്‍ എത്തിക്കാനുള്ള സൗകര്യം ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കൂടാതെ ഒരു ഉദ്യോഗസ്ഥന്‍ രാവിലെയും വൈകിട്ടും ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കുന്നതാണ്. അതേസമയം സ്ഥലത്തെ എംഎല്‍എ അലോക് ചതുര്‍വേദി ഭരണകൂടത്തെ വിമര്‍ശിച്ച് രംഗത്തെത്തി. മനുഷ്യത്വ രഹിതവും സ്വേച്ഛാധിപത്യപരവുമായ തീരുമാനമാണിതെന്ന് അദ്ദേഹം ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടു.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here