സംസ്ഥാനത്ത് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത് 143 പേർ

കേരളത്തിൽ ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത് 143 പേർ. ഇന്ന് മാത്രം പത്തൊൻപത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസർഗോഡ് ഒൻപതും പാലക്കാട് നാലും തിരുവനന്തപുരത്ത് മൂന്നും ഇടുക്കിയിൽ രണ്ടും തൃശൂരിൽ ഒരാളുടേയും ഫലമാണ് നെഗറ്റീവായത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

പാലക്കാട് കൊവിഡ് രോഗം ഭേദമായ നാല് പേർ ആശുപത്രി വിട്ടു. തുടർച്ചയായ രണ്ട് പരിശോധനകളിലും കൊവിഡ് നെഗറ്റീവായതോടെയാണ് ഇവരെ ആശുപത്രി വിടാൻ അനുവദിച്ചത്. രണ്ടാഴ്ച കൂടി വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം മാത്രമേ ഇവർക്ക് പുറത്തിറങ്ങാനാകൂ.

തൃശൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാല് പേരാണ് ഇന്ന് ആശുപത്രി വിട്ടത്. ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായി. കൊവിഡ് സംശയത്തിൽ ഇന്ന് ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല.

കോട്ടയം ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത് മൂന്ന് പേരാണ്. കോട്ടയത്ത് നിലവിൽ രോഗം ബാധിച്ച് ആരും ചികിത്സയിലില്ല. കൊവിഡ് സംശയിച്ച് മൂന്ന് പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് ഇന്ന് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായി. മലയിൻകീഴ് സ്വദേശി, അദ്ദേഹത്തിന്റെ മകൾ, വിദേശത്ത് നിന്ന് വന്ന പോത്തൻകോട് സ്വദേശി എന്നിവരുടെ ഫലമാണ് നെഗറ്റീവായത്.

കൊറോണ വൈറസ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും വീട്ടിലേക്കു മടങ്ങി. ഇതോടെ ഇടുക്കി കൊറോണ സ്ഥിരീകരിച്ച് പോസിറ്റീവായി തുടരുന്നവർ ഇല്ലാത്ത രണ്ടാമത്തെ ജില്ലയായി.

പത്തനംതിട്ട ജില്ലയിൽ ഇന്ന് പുതിയ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇന്ന് ലഭിച്ച 80 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായി.

നിലവിൽ 228 പേരാണ് വിവിധ ആശുപത്രികളിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,23,490 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,22,676 പേർ വീടുകളിലും 814 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 201 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 14,163 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 12,818 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top