Advertisement

കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ സഞ്ചാര പാത

April 11, 2020
Google News 2 minutes Read

കൊവിഡ് 19 ബാധിച്ച് ഇന്ന് മരിച്ച മാഹി സ്വദേശിയുടെ സഞ്ചാര പാത വീണ്ടും പുറത്തുവിട്ടു. മാഹി ചെറുകല്ലായി സ്വദേശി പി മഹ്‌റൂഫാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 71 വയസായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വൃക്കരോഗവും ഹൃദ്രോഗവും ഉള്ള മഹ്‌റൂഫിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരത്തെ ആരോഗ്യവകുപ്പ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗിബാധിതനായതെന്ന കാര്യം വ്യക്തമല്ല.

മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18 പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്. അന്ന് തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നു.

മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശേരിയിലെ ടെലിമെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു. മാര്‍ച്ച് 30ന് വീണ്ടും ഇദ്ദേഹം ടെലി മെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11 മണിക്ക് തലശ്ശേരി ടെലിമെഡിക്കല്‍ സെന്ററിലെത്തി ഐസിയുവില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ അന്നു വൈകുന്നേരം 4 മണിക്ക് തലശ്ശേരി കോ-ഓപ്പറേററീവ് ആശുപത്രിയിലെ ആംബുലന്‍സില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തി അഡ്മിറ്റാവുകയും ചെയ്തു.

ഏപ്രില്‍ ആറിന് സ്രവപരിശോധനക്ക് വിധേയനാവുകയുമായിരുന്നു. കൊറോണ സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന അമ്മാവന്റെ മക്കളിലൊരാള്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. രോഗബാധിതനായി മരിച്ച മാഹി സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ ആളുകളും പ്രത്യേക ജാഗ്രത പുലര്‍ത്തുകയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു.

 

Story Highlights- route map,  Mahi native who died of covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here