ഹൃദ്രോഗത്തെ തുടർന്ന് മംഗലൂരുവിൽ എത്തിയ സ്ത്രീക്ക് കൊവിഡ് സംശയത്തിന്റ പേരിൽ ചികിത്സ നിഷേധിക്കുന്നു

ഹൃദ്രോഗത്തെ തുടർന്ന് മംഗലൂരുവിൽ എത്തിയ സ്ത്രീക്ക് കൊവിഡ് സംശയത്തിന്റ പേരിൽ ചികിത്സ നിഷേധിക്കുന്നതായി പരാതി.കാസർകോട് ഉപ്പള സ്വദേശിയെ ആണ് മൂന്ന് ദിവസമായി ദെർളക്കെട്ട കെ എസ് ഹെഗ്‌ഡെ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ കഴിയുന്നത്.
ഹൃദയാഘാതത്തെ തുടർന്ന് മാർച്ച് എട്ടിന് ഉച്ചയോടെയാണ് ഉപ്പള സ്വദേശിയെ ദെർളക്കെട്ടയിലെ ഹെഗ്‌ഡെ മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാൽ മൂന്ന് ദിവസമായിട്ടും അടിയന്തര ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ തുടരുകയാണിവർ.
നേരെത്ത കൊവിഡ് ബാധയുണ്ടെന്ന സംശയം പറഞ്ഞ് ഇവരെ മംഗളുരു വെന്റ്‌ലോക്ക് ആശുപത്രിയിലേക്ക് ദെർളക്കെട്ടയിൽ നിന്നും പറഞ്ഞു വിട്ടിരുന്നു. എന്നാൽ വെന്റ്‌ലോക്ക് അധികൃതർ പ്രാഥമിക ലക്ഷണങ്ങളിലെന്ന് പറഞ്ഞ് സാമ്പിൾ ശേഖരിച്ച് ഇവരെ തിരിച്ചയച്ചു. പരിശോധനാ ഫലം ലഭിക്കാത്തതിനാൽ അടിയന്തര ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയാറാകുന്നില്ലെന്ന് രോഗിയുടെ മകൻ പറഞ്ഞു.
നാട്ടിലേക്ക് തിരിച്ചു വരാൻ പോലും പറ്റാത്ത അവസ്ഥയിലാണ് തങ്ങളെന്നും രോഗിയുടെ മകൻ പറഞ്ഞു. കടുത്ത ഉപാധികളോടെയും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രവും പരിശോധിച്ച ശേഷമാണ് അടിയന്തിര സാഹചര്യത്തിൽ രോഗികളെ മംഗലൂരുവിലേക്ക് കടത്തിവിടുന്നത്. എന്നാൽ അതിർത്തി കടന്നിട്ടും ചികിത്സ നിഷേധിക്കുന്ന കർണാടകയുടെ നിലപാടിനെതിരെ അധികൃതരുടെ ഇടപെടലുണ്ടാകേണ്ടതുണ്ട്.
Story Highlights- Kerala-Karnataka border