കൊവിഡ് പ്രതിരോധം: പഞ്ചായത്തുകള്‍ വിതരണം ചെയ്തത് 24 ലക്ഷത്തിലധികം ഭക്ഷണപൊതികള്‍

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച് പഞ്ചായത്തുകള്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും മറ്റു അവശ്യസര്‍വീസ് ജീവനക്കാര്‍ക്കും ഒപ്പം താഴെതട്ടില്‍ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും നടത്തിയ ഇടപെടല്‍ രോഗവ്യാപനം തടയുന്നതിനും കുടിവെള്ളം, ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് ഫലപ്രദമായി എത്തിക്കുന്നതിനും ഏറെ സഹായകമായി.

ഗ്രാമപ്രദേശങ്ങളില്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി 941 പഞ്ചായത്തുകളിലായി 1031 സമൂഹ അടുക്കളകളാണ് സജ്ജമാക്കിയത്. ഇവയിലൂടെ പ്രതിദിനം ശരാശരി 141430 എന്ന കണക്കില്‍ ഏകദേശം 2404310 ഭക്ഷണപൊതികള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ട്. ഇതില്‍ 2171726 എണ്ണം സൗജന്യമായാണ് വിതരണം ചെയ്തത്. ഭൂരിഭാഗം അടുക്കളകള്‍ക്കും വേണ്ട അവശ്യവസ്തുക്കള്‍ സന്നദ്ധ സഹായമായാണ് പഞ്ചായത്തുകള്‍ സമാഹരിക്കുന്നത്.
ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുന്നതിന് 134 ജനകീയ ഹോട്ടലുകളും ഗ്രാമപ്രദേശങ്ങളില്‍ മാത്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ 20 രൂപയ്ക്കാണ് ഊണ് നല്‍കുന്നത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു പഞ്ചായത്തുകള്‍ രൂപീകരിച്ച 48817 അടിയന്തര പ്രതികരണ ടീം അംഗങ്ങളാണ് (Emergency Response Team) ഭക്ഷണ പൊതികളും മരുന്നും മറ്റു അവശ്യ സാധനങ്ങളും ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top