ലോക്ക് ഡൗൺ: ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ പരിശോധിക്കാൻ ആർഎസ്എസിന് അനുമതി നൽകിയിട്ടില്ല; തെലങ്കാന പൊലീസ്

ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ പരിശോധിക്കാൻ ആർഎസ്എസിന് അനുമതി നൽകിയിട്ടില്ലെന്ന് തെലങ്കാന പൊലീസ്. കൊവിഡ് 19 വൈറസ് വ്യാപനത്തോടനുബന്ധിച്ച് രാജ്യത്ത് ലോക്ക് ഡൗൺ നടപ്പിലാക്കിയതിൻ്റെ പശ്ചാത്തലത്തിൽ ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ പരിശോധിക്കുന്ന ആർഎസ്എസ് പ്രവർത്തകരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തെലങ്കാന പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഹൈദരാബാദ് ഹൈവേയിൽ ആർഎസ്എസ് യൂണിഫോമും ലാത്തിയും അണിഞ്ഞ പ്രവർത്തകരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. വാഹനങ്ങളിൽ എത്തുന്നവരുടെ ഐഡി കാർഡ് ചോദിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്യുന്നതായിരുന്നു ചിത്രങ്ങൾ. ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്ന ട്വിറ്റർ ഹാൻഡിലിൽ ‘തെലങ്കാനയിലെ യദാദ്രിയിലുള്ള ഭുവനഗിരി ജില്ലാ ചെക്ക്പോയിൻ്റിൽ ദിവസേന 12 മണിക്കൂർ പൊലീസ് ഡിപ്പാർട്ട്മെൻ്റിനെ സഹായിക്കുന്ന ആർഎസ്എസ് വളണ്ടിയർമാർ’ എന്ന കുറിപ്പോടെ ആദ്യം ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് ഇവ പ്രചരിച്ചത്.

“കുറച്ച് ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിച്ചത് പ്രകാരം നടത്തിയ അന്വേഷണത്തിൽ അത് ആർഎസ്എസ് വളണ്ടിയർമാർ തന്നെയാണെന്ന് മനസ്സിലായി. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു കൊള്ളാമെന്ന് അവരോട് പറഞ്ഞിരുന്നു. അതേത്തുടർന്ന് പിന്നീട് രണ്ട് ദിവസം അവർ അവിടെ എത്തിയിട്ടില്ല. അത്തരത്തിൽ അവർക്ക് അനുവാദം നൽകിയിട്ടുമില്ല. ഇത് പൊലീസിൻ്റെ ജോലിയാണ്. അത് ഞങ്ങൾക്ക് ചെയ്യാനറിയാം.”- രചകൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് ഭഗവത് പറഞ്ഞു.

കഴിയുന്ന സഹായം എന്ന നിലയിൽ സ്വയം സേവനത്തിറങ്ങിയതാണെന്നാണ് സംഭവത്തിൽ ആർഎസ്എസ് നൽകുന്ന വിശദീകരണം. കൊറോണ കാലത്ത് ആർഎസ്എസ് രാജ്യത്തുടനീളം സഹായപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അവർ പറയുന്നു.

ചിത്രങ്ങൾ പങ്കുവച്ച ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്ന ട്വിറ്റർ ഹാൻഡിൽ നിരവധി കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്തുടരുന്നുണ്ട്.

Story Highlights: RSS had no permission to help at check posts, Telangana Police clarify as photos go viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top