കൊവിഡ് വിവരങ്ങൾ സൂക്ഷിക്കുന്നത് സ്പ്രിങ്ക്ളറിന്റെ ഇന്ത്യയ്ക്ക് ഉള്ളിലുള്ള സെർവറിൽ; ധനമന്ത്രി തോമസ് ഐസക്

കൊവിഡ് വിവരങ്ങൾ സൂക്ഷിക്കുന്നത് സ്പ്രിങ്ക്ളറിന്റെ സെർവറിൽ തന്നെയെന്നും ഐടി വകുപ്പ് പിൻമാറിയിട്ടില്ലെന്നും ധനമന്ത്രി തോമസ് ഐസക്. കൊവിഡ് വിവരങ്ങൾ സിഡിറ്റിന്റെ ആമസോൺ വെബ് സെർവർ അക്കൗണ്ടിലേക്ക് മാറ്റാൻ സജ്ജമാകുന്നത് വരെ അവരുടെ ഇന്ത്യയ്ക്ക് അകത്തുള്ള സെർവറിൽ സൂക്ഷിക്കണമെന്നാണ് കരാർ. അത്തരം സൂക്ഷിപ്പ് സൗജന്യമായിരിക്കുമെന്നും വിമർശനത്തെ തുടർന്ന് ഐടി വകുപ്പ് പിൻവാങ്ങിയെന്ന് പ്രഖ്യാപിച്ച് ഒരാഘോഷത്തിനും നിൽക്കേണ്ടെന്നും ധനമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പ്ലീസ്, കയറെടുക്കാൻ കാള പെറ്റു എന്നു കേൾക്കാനെങ്കിലും കാത്തിരിക്കുക. പ്രതിപക്ഷ വിമർശനത്തെത്തുടർന്ന് സ്പ്രിംഗ്ളർ കമ്പനിയുമായുണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറി എന്ന് വിജയാരവം മുഴക്കിയവർക്ക് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ട്. അതൊക്കെ ആദ്യമേയുള്ള തീരുമാനങ്ങളുടെ ഭാഗമായിട്ടുള്ള കാര്യങ്ങളാണ്. കൂടുതൽ വിവരം വേണ്ടവർക്കും യഥാർത്ഥത്തിൽ സംശയമുള്ളവർക്കും ഐടി വകുപ്പിന്റെ പത്രക്കുറിപ്പ് വായിക്കാം.
എന്റെ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതു പ്രകാരമുള്ള ഒരുത്തരവാണ് ഇപ്പോൾ ഇറങ്ങിയിട്ടുള്ളത്. പോസ്റ്റിൽ നിന്ന് പ്രസക്തമായ പാരഗ്രാഫ് മാത്രം ചുവടെ കൊടുക്കുന്നു.
“ഇക്കാര്യത്തിൽ സ്പ്രിംഗ്ലർ കമ്പനിക്ക് ഐടി വകുപ്പ് നൽകിയിട്ടുള്ള പർച്ചേസ് ഉത്തരവിൽ, കോവിഡ് പ്രതിരോധത്തിനായുള്ള സേവനങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും, #വിവരങ്ങൾ സി-ഡിറ്റിന്റെ ആമസോൺ വെബ് സർവർ അക്കൗണ്ടിലേക്കു മാറ്റാൻ സജ്ജമാകുന്നതുവരെ (അതിനുള്ള സാങ്കേതിക നടപടികൾ നടന്നു വരുന്നു) അവരുടെ ഇന്ത്യയ്ക്ക് ഉള്ളിലുള്ള സർവറിൽ സൂക്ഷിക്കണമെന്നും, അത്തരം സൂക്ഷിപ്പും സൗജന്യമായിരിക്കുമെന്നതും വിവരങ്ങളുടെ പൂർണ്ണമായ ഉടമസ്ഥത കേരള സർക്കാരിനായിരിക്കുമെന്നും വിവരങ്ങൾ വിശകലനം ചെയ്തു ഡാഷ് ബോർഡുകളും ടേബിളുകളും തയ്യാറാക്കി നൽകുന്നതിനുള്ള ചുമതലയാണ് അവർക്കുണ്ടാകുകയെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റുമുണ്ട്”.
ഐടി വകുപ്പ് സംശയനിവാരണത്തിന് വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിൽ നിന്ന് ഉദ്ധരിക്കട്ടെ. “തുടക്കത്തിൽ ഈ അഞ്ചു ഫോമുകളിലെ വിവരങ്ങൾ നൽകപ്പെട്ടിരുന്നത് citizencentre.sprinker.com എന്ന സബ്ഡൊമൈനിലേയ്ക്കാണ്. തുടർന്ന് citizencetre.kerala.gov.in എന്ന സബ്ഡൊമൈൻ തയ്യാറായതോടെ അതിൽ കൂടി പുതിയ വിവരങ്ങൾ നൽകാൻ തീരുമാനിച്ചു. ചില മാറ്റങ്ങൾ സോഫ്റ്റുവെയറിൽ വരുത്തേണ്ടതുണ്ടായിരുന്നതിനാൽ ആ മാറ്റങ്ങളും തയ്യാറായതിന് ശേഷമാണ് പുതിയ സബ് ഡൊമൈനിനെക്കുറിച്ച് നിർദ്ദേശം നൽകിയത്. ഇത് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ്”.
വിവരശേഖരണം നടത്തുന്ന സബ്ഡൊമൈൻ പേര് ഏതായാലും നിലവിൽ വിവരം ശേഖരിക്കപ്പെടുന്നത് മുംബെയിലുള്ള ആമസോൺ വെബ് സെർവെർ ക്ലൗഡിലേയ്ക്കു തന്നെയാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വിമർശനത്തെത്തുടർന്ന് ഐടി വകുപ്പ് ഏതെങ്കിലും തരത്തിൽ പിൻവാങ്ങിയെന്ന് പ്രഖ്യാപിച്ച് ഒരു ആഘോഷത്തിനും നിൽക്കേണ്ടതില്ല.
ദയവായി പിരിഞ്ഞു പോവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here