പൂർണമായും ആശ്വസിക്കാനായിട്ടില്ല, ജാഗ്രത തുടരണമെന്ന് മന്ത്രി കെ കെ ശൈലജ

കൊവിഡ് റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂർണമായും ആശ്വസിക്കാനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്നവർ കർശനമായി സാമൂഹ്യ അകലം പാലിക്കണം. ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗബാധ നേരിടാൻ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഫലം കണ്ടിട്ടുണ്ടെന്നുതന്നെയാണ് ഇപ്പോഴത്തെ നില സൂചിപ്പിക്കുന്നത്. എന്നാൽ പൂർണമായും ആശ്വാസമായി എന്ന് പറയാനായിട്ടില്ല. എവിടെയെങ്കിലും വൈറസ് ബാധയുടെ ഒരു കണ്ണി ബാക്കിയുണ്ടെങ്കിൽ വീണ്ടും രോഗബാധ ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്ത് ലബുകളിലായി ഇപ്പോൾ പരിശോധന നടക്കുന്നുണ്ട്. കേന്ദ്രസർക്കാർ പരിശോധനാ കിറ്റുകൾ നൽകുന്നുണ്ടെങ്കിലും അതുകൊണ്ടു മാത്രം നമ്മുടെ ആവശ്യം പൂർണമായും നടക്കില്ല. കൂടുതൽ കിറ്റുകൾ പലയിടങ്ങളിൽനിന്നായി വാങ്ങുന്നുണ്ട്. കിറ്റുകളുടെ കാര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here