‘സ്പ്രിങ്ക്ളറിന് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ കൈമാറിയതുമായി ബന്ധപ്പെട്ട ദുരൂഹത വർധിക്കുന്നു’; രമേശ് ചെന്നിത്തല

അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിന് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ കൈമാറിയതുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ച്ച നടത്തിയ വർത്ത സമ്മേളനത്തിൽ സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞു മാറിയതു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായിട്ടും സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഐടി വകുപ്പിനോട് ചോദിക്കാൻ പറഞ്ഞു മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്നു രമേശ് ചെന്നിത്തല വിമർശിച്ചു. ഇതോടെ സമ്പൂർണ ആശയക്കുഴപ്പമാണ് ഉണ്ടായിരിക്കുന്നതെന്നും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ അമേരിക്കൻ കമ്പനി സർക്കാർ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്നത് പോലുള്ള ഗുരുതരമായ കാര്യത്തിൽ മുഖ്യമന്ത്രി അജ്ഞത നടിക്കുന്നത് അത്ഭുതപ്പെടുത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സ്പ്രിങ്ക്ളറിന്റെ വെബ് പോർട്ടലിലേക്ക് വിവരങ്ങൾ നൽകേണ്ടെന്നും പകരം സർക്കാരിന്റെ വെബ് സൈറ്റിലേക്ക് നൽകിയാൽ മതിയെന്നുമുള്ള പുതിയ സർക്കാർ നിർദേശം പോലും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. സർക്കാർ വെബ് സൈറ്റ് വഴി സ്പ്രിങ്ക്ളറിനു തന്നെയാണ് വിവരങ്ങൾ നൽകുന്നതെങ്കിൽ അത് കൂടുതൽ ഗൗരവമാണെന്നും ചെന്നിത്തല പറഞ്ഞു.

സ്പ്രിങ്ക്ളർ സംസ്ഥാനത്തെ രണ്ടരലക്ഷത്തോളം ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ഇനി എന്തു ചെയ്യുമെന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. അവ മറ്റേതെങ്കിലും വിദേശ കമ്പനിക്ക് മറിച്ചു വിൽക്കുകയില്ലെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് സർക്കാർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തല ഉയർത്തുന്ന വിമർശനം.

സ്പ്രിങ്ക്ളറുമായി കരാർ എന്ന്, ആരാണ് ഒപ്പു വച്ചതെന്നും കരാറിലെ നിബന്ധനകൾ എന്തൊക്കെയാണെന്നും തുടങ്ങി പല വിവരങ്ങളും പുറത്തു വരേണ്ടതുണ്ടെന്നും അതെല്ലാം സർക്കാർ പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐ ടി സെക്രട്ടറി ശിവശങ്കരനെ മാറ്റി നിർത്തി ഈ ഇടപാടുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടിട്ടുണ്ട്.\

Story highlight: transfer of health information to the people of Kerala, sprinkler; Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top