കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്കാണ്. ഇവരില്‍ മൂര്യാട് സ്വദേശികളായ മൂന്നു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ചെറുവാഞ്ചേരി ചീരാറ്റ സ്വദേശിയായ സ്ത്രീക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മൂര്യാട് സ്വദേശികളില്‍ ഒരാളായ ഇരുപത്തൊന്‍പതുകാരന്‍ മാര്‍ച്ച് 19 ന് കരിപ്പൂര്‍ വഴിയും മുപ്പത്തഞ്ചും ഇരുപത്താറും വയസ് പ്രായമുള്ള മറ്റു രണ്ടുപേര്‍ മാര്‍ച്ച് 21ന് ബംഗളൂരു വഴിയുമാണ് നാട്ടിലെത്തിയത്. മുപ്പത്തിമുന്നുകാരിയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതയായ ചിറ്റാരിപ്പറമ്പ് ചീരാറ്റ സ്വദേശി. നാലു പേരും ഏപ്രില്‍ 11ന് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 79 ആയി. ഇവരില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ 7758 പേര്‍ കൊറോണ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 58 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 14 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും എട്ട് പേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും 34 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിലും 7644 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്നും 1443 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 1148 എണ്ണത്തിന്റെ ഫലം ലഭ്യമായി. 295 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Story Highlights: coronavirus, Covid 19, kannur,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top