കൊല്ലത്ത് പനയം പഞ്ചായത്തിലുള്ള കമ്മ്യൂണിറ്റി കിച്ചനിലെ ഭക്ഷണ വിതരണം തടഞ്ഞ് പൊലീസ്

കൊല്ലം ജില്ലയിലെ പനയം പഞ്ചായത്തിലുള്ള കമ്മ്യൂണിറ്റി കിച്ചനിലെ ഭക്ഷണ വിതരണം തടഞ്ഞ് അഞ്ചാലുംമൂട് പൊലീസ്. കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണവുമായി പോയ വാഹനം പൊലീസ് പിടികൂടുകയായിരുന്നു. മതിയായ രേഖകൾ കാണിച്ചിട്ടും വാഹനം വിട്ടു നൽകാൻ പോലീസ് തയാറായില്ലെന്ന് പഞ്ചായത്ത് അധികൃതർ ആരോപിക്കുന്നു.

അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചനിൽ നിന്നുള്ള വാഹനങ്ങൾ പിടിച്ചെടുത്തത്. സന്നദ്ധ സേവനം നടത്താനുള്ള കളക്ടർ ഒപ്പിട്ട രേഖകൾ കാണിച്ചിട്ടും അകാരണമായി വാഹനം പിടിച്ചെടുക്കുകയായിരുന്നു എന്നാണ് പരാതി. പനയം പഞ്ചായത്തിലെ പാമ്പാലിൽ വാർഡിൽ ഉള്ള പണയിൽ സ്‌കൂളിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചനിൽ നിന്നുമുള്ള വാഹനങ്ങളാണ് പൊലീസ് പിടികൂടിയത്. നേരത്തെയും ഇത്തരത്തിൽ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനങ്ങൾ തടയുന്ന രീതിയിലുള്ള ഇടപെടലുകൾ സിഐയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി പഞ്ചായത്ത് അധികൃതർ ആരോപിച്ചു. കഴിഞ്ഞദിവസം കിച്ചണിലേക്ക് വിറകുമായി വന്ന് വണ്ടിയും പൊലീസ് തടഞ്ഞിരുന്നു.

വാഹനം പിടിച്ചെടുത്തതിന്റെ കാരണം തിരക്കാൻ സിഐയുമായി ട്വന്റിഫോർ പ്രതിനിധികൾ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. അതേസമയം, പിടിച്ചെടുത്ത വാഹനങ്ങൾക്ക് മതിയായ രേഖകൾ ഉണ്ടായിരുന്നില്ലെന്നും വണ്ടിയിൽ ഉണ്ടായിരുന്നവർ സന്നദ്ധ പ്രവർത്തകർ അല്ലെന്നുമാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

Story highlights-Community Kitchen, kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top