രോഹിത് ശർമ്മയുടെ ബാറ്റിംഗ് അതിശയിപ്പിക്കുന്നു: ജോസ് ബട്‌ലർ

രോഹിത് ശർമ്മയുടെ ബാറ്റിംഗ് അതിശയിപ്പിക്കുന്നതാണെന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ. അനായാസം ബാറ്റ് ചെയ്ത് എതിരാളികളെ തളർത്തിക്കളയാൻ രോഹിതിനു കഴിവുണ്ടെന്നും ബട്‌ലർ പറഞ്ഞു. രാജസ്ഥാൻ റോയൽസ് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലാണ് ബട്‌ലറുടെ പ്രതികരണം.

“രോഹിത് ഒരു അസാമാന്യ താരമാണ്. അനായാസമാണ് ബാറ്റ് ചെയ്യുന്നത്. നിരവധി ഇന്ത്യൻ താരങ്ങൾക്ക് അത്തരം ശൈലിയുണ്ട്. ഏറെക്കാലമായി രോഹിത് മികച്ച ബാറ്റ്സ്മാനാണ്. എതിരാളികളെ തളർത്തി അനായാസം ബാറ്റ് ചെയ്യുന്ന അദ്ദേഹത്തിൻ്റെ ശൈലി എനിക്ക് ഇഷ്ടമാണ്. ക്രീസിൽ അല്പ സമയം ചെലവഴിച്ചു കഴിഞ്ഞാൽ ഉയർന്ന സ്കോർ നേടി അദ്ദേഹം മത്സരഗതിയെ സ്വാധീനിക്കും. കഴിഞ്ഞ ലോകകപ്പിൽ അദ്ദേഹം 4-5 സെഞ്ചുറികൾ നേടിയിരുന്നു. കുറച്ച് കാലം മുൻപ് വരെ ഇന്ത്യൻ താരങ്ങളെ ഷോർട്ട് ബോളുകൾ കൊണ്ട് എതിരാളികൾ കുടുക്കുമായിരുന്നു. എന്നാൽ രോഹിത് അതൊക്കെ അനായാസം നേരിടും. എന്നിട്ട് ഫുൾ ബോളെറിഞ്ഞാൽ അതും അടിച്ച് ഗ്രൗണ്ടിനു പുറത്തിടും.”- ബട്‌ലർ പറഞ്ഞു.

2016-2017 സീസണുകളിൽ രോഹിതിനു കീഴിൽ മുംബൈ ഇന്ത്യൻസിൽ കളിച്ച താരമാണ് ജോസ് ബട്ലർ. 2018 സീസണിൽ അദ്ദേഹം രാജസ്ഥാനിലേക്ക് മാറി. ഇപ്പോൾ രാജസ്ഥാൻ റോയൽസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ബട്‌ലർ.

അതേ സമയം, ഐപിഎൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ബിസിസിഐ അറിയിച്ചു. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ടൂർണമെൻ്റ് നീട്ടിവക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.

Story Highlights: Rohit Sharma is an awesome player: Jos Buttler

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top