കൊല്ലത്ത് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ അച്ഛനെ തോളിൽ ചുമന്ന് മകൻ

കൊല്ലം പുനലൂരിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ പിതാവിനെ തോളിലേറ്റി മകൻ ഒരുകിലോമീറ്ററോളം നടന്നു.
പരിശോധനയുടെ ഭാഗമായി പൊലീസ് വാഹനം തടഞ്ഞതിനെത്തുടർന്നാണ് സംഭവം. ആശുപത്രിയിലേക്കെന്ന് പറഞ്ഞിട്ടും പൊലീസ് കടത്തിവിട്ടില്ലെന്ന് ഇവർ ആരോപിച്ചു. എന്നാൽ, മതിയായ രേഖകൾ ഇല്ലാത്തതിനാൽ വാഹനം തടയുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.
കഴിഞ്ഞ നാലുദിവസമായി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശി ജോർജ്ജിനെ ഡിസ്ചാർജ് ചെയ്യുന്നതിനായാണ് ഓട്ടോ ഡ്രൈവറായ മകൻ റോയി പുനലൂരിൽ എത്തിയത്. എന്നാൽ, ആശുപത്രിയിലെത്താൻ ഒരുകിലോമീറ്റർ ബാക്കി നിൽക്കെ അകലെ ടിബി ജംഗ്ഷനിൽ വച്ച് പൊലീസ് വാഹനം തടയുകയായിരുന്നു. ആശുപത്രിയിലേക്കെന്ന് പറഞ്ഞിട്ടും പൊലീസ് ഓട്ടോ കടത്തിവിട്ടില്ലെന്നാണ് ആരോപണം. പിന്നാലെ വാഹനം റോഡരികിൽ ഒതുക്കിയശേഷം ആശുപത്രിയിൽ നിന്ന് പിതാവിനെ റോയി എടുത്തുകൊണ്ടുവരികയായിരുന്നു.
അതേസമയം, ആശുപത്രിയിലേക്കെന്ന് പറഞ്ഞെങ്കിലും ഇതിന്റെ രേഖകളോ സത്യവാങ്മൂലമോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ രണ്ടുദിവസമായി പുനലൂരിൽ വാഹനങ്ങൾ അനിയന്ത്രിതമായി ഇറങ്ങിയതിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
Story highlight: son who was discharged from a Kollam hospital with his father on his shoulder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here