ഗർഭിണികൾക്ക് കൊവിഡ് രോഗ സാധ്യത കൂടുതലാണോ ? ഗർഭസ്ഥ ശിശുവിനെ കൊവിഡ് ബാധിക്കുമോ ?

ഏറെ പ്രതിസന്ധികളിലൂടെയാണ് ഗർഭിണികൾ ഈ കൊവിഡ് കാലത്ത് കടന്നുപോകുന്നത്. വളരെ സന്തോഷത്തോടെ കടന്നുപോകേണ്ട ഗർഭകാലം എന്നാൽ കൊവിഡിന്റെ വരവോടെ മാനസിക പിരിമുറുക്കങ്ങളുടെ സമയമായി മാറി. പലവിധ സംശയങ്ങളാണ് ഈ കാലയളവിൽ മാതാപിതാക്കളാകാൻ പോകുന്നവരെ പിടികൂടുന്നത്. ഈ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ഓസ്‌ട്രേലിയയിൽ നിന്ന് ഡോ.ചൈതന്യ ഉണ്ണി.
ഗർഭകാലത്തെ ചികിത്സ
പലപ്പോഴും കൊവിഡ് ബാധിക്കുമോ എന്ന് ഭയന്ന് മിക്കവരും ആശുപത്രികളിൽ പോകാറില്ല. എന്നാൽ ഈ സമയത്ത് ഡോക്ടർമാരെ കണ്ട് വൈദ്യസഹായം തേടുന്നത് ഒഴിവാക്കരുതെന്ന് ചൈതന്യ പറയുന്നു.
ജനിക്കാൻ പോകുന്ന കുഞ്ഞിനെ സംബന്ധിച്ചും ഗർഭിണികളെ സംബന്ധിച്ചും സുപ്രധാനമാണ് ആന്റിനേറ്റൽ കെയർ. കുഞ്ഞിന്റെ വലുപ്പം നോക്കുക, ഗർഭിണിയുടെ രക്ത സമർദം നോക്കുക എന്നിവയ്‌ക്കെല്ലാം ഇത് പ്രധാനമാണ്. ഇവയെല്ലാം അറിഞ്ഞ് വേണം ഡോക്ടർക്ക് പ്രസവത്തെ കുറിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാൻ.
അടിക്കടി ആശുപത്രി സന്ദർശിച്ചില്ലെങ്കിലും ഡോക്ടർമാരെ ഫോണിലൂടെ ബന്ധപ്പെട്ട് ചികിത്സകൾ തേടണമെന്നും സംശയങ്ങൾ ദുരീകരിക്കണമെന്നും ഡോ.ചൈതന്യ പറയുന്നു.
ഗർഭിണികൾക്ക് രോഗ സാധ്യത കൂടുതലാണോ ?
അല്ല. ഗർഭിണികൾക്ക് രോഗ സാധ്യത കൂടുതലില്ല എന്ന് ഡോ.ചൈതന്യ പറയുന്നു. ഏതൊരു വ്യക്തിക്കും ഉണ്ടാകാവുന്ന റിസ്‌ക്ക് മാത്രമേ ഗർഭിണികൾക്കും ഉണ്ടാവുകയുള്ളു. വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊവിഡിനെ തടയാൻ സാധിക്കും.
കുഞ്ഞിനെ കൊവിഡ് ബാധിക്കുമോ ?
ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളെ കൊവിഡ് ബാധിക്കുമെന്ന് പറയാൻ സാധിക്കില്ല. അതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. പ്രസവിക്കുന്ന സമയത്തും ശിശുവിന് കൊവിഡ് ബാധിച്ചതായി തെളിവില്ല. മുലപ്പാലിലൂടെയും കുഞ്ഞിന് കൊവിഡ് വരുമെന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോ.ചൈതന്യ ഉണ്ണി വ്യക്തമാക്കുന്നു.
Story Highlights- pregnancy, covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here