ലോക്ക് ഡൗൺ; യാത്ര റദ്ദാക്കിയവർക്ക് വിമാന കമ്പനികൾ ടിക്കറ്റിന്റെ മുഴുവൻ തുകയും നൽകണം: വ്യോമയാന മന്ത്രാലയം

ലോക്ക് ഡൗണിനെ തുടർന്ന് യാത്ര കാൻസൽ ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും വിമാന കമ്പനികൾ നൽകണം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ടിക്കറ്റ് റദ്ദാക്കുമ്പോൾ കാൻസലേഷൻ ചാർജ് ഈടാക്കരുതെന്നും നിർദേശം.

മാർച്ച് 25 മുതൽ മെയ് മൂന്ന് വരെയുള്ള തിയതികളില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ സേവനം ലഭ്യമാകുക. രണ്ടാം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പായിരുന്നു ഇത്. വ്യോമയാന മന്ത്രാലയ അധികൃതർ സ്വകാര്യ വിമാനക്കമ്പനി സിഇഒമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തത്. മെയ് നാല് മുതൽ നിയന്ത്രിതമായി വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ചില വിമാനക്കമ്പനികൾ പ്രഖ്യാപിച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനി സിഇഒമാരുമായി സംസാരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

എയർ ഇന്ത്യ ഒഴികെയുള്ള എല്ലാ വിമാനക്കമ്പനികളും ആദ്യം പ്രഖ്യാപിച്ച് ലോക്ക് ഡൗൺ കാലയളവിന് ശേഷമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അവസരം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. എന്നാൽ ലോക്ക് ഡൗൺ നീട്ടിയതോടെ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു.

ആഭ്യന്തര വിമാനക്കമ്പനികൾ ലോക്ക് ഡൗൺ കാരണം റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുന്നില്ലെന്നും, ആ തുക ഉപയോഗിച്ച് ഭാവിയിൽ യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം നൽകുകയാണ് ചെയ്യുന്നതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്. ടിക്കറ്റുകൾ റദ്ദാക്കുമെന്നും എന്നാൽ തുക തിരികെ നൽകുന്നതിന് പകരം 2020 ഡിസംബർ 31 വരെ മറ്റൊരു യാത്ര നടത്താൻ യാത്രക്കാർക്ക് അവസരം നൽകുമെന്നും വിസ്താര വിമാനക്കമ്പനി പ്രഖ്യാപിച്ചിരുന്നു. വിമാനക്കൂലിയിലുള്ള വ്യത്യാസം യാത്രക്കാരിൽ നിന്ന് ഈടാക്കുമെന്നും പറഞ്ഞു.

Story highlights-full refund on flight tickets,lockdown,airlines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top