Advertisement

അതിർത്തി കടക്കാൻ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് സർക്കാർ

April 16, 2020
Google News 0 minutes Read

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ കേരളത്തിലെ സ്ഥിര താമസക്കാർക്ക് അതിർത്തി കടക്കാൻ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് സർക്കാർ. ഇതു സംബന്ധിച്ച മാർഗ നിർദേശങ്ങൾ ചീഫ് സെക്രട്ടറി പുറത്തിറക്കി. ഗർഭിണികൾക്കും രോഗികൾക്കുമാണ് ഇളവ്. മരണാസന്നരെ കാണാനും മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും എത്തുന്നവർക്കും അനുമതി ലഭിക്കും.

കേരളത്തിൽ സ്ഥിര താമസമാക്കിയവരും ലോക്ക് ഡൗണിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരുമായവരെ അതിർത്തി കടത്തി വിടാനാണ് ഇളവ് അനുവദിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഗർഭിണി പ്രസവ തീയതി, യാത്ര ചെയ്യാനുള്ള ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന രേഖകൾ തുടങ്ങിയവ അംഗീകൃത ഗൈനക്കോളജിസ്റ്റിൽ നിന്ന് വാങ്ങണം. താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരെ ഈ സർട്ടിഫിക്കറ്റ് കാണിച്ച് ബോധ്യപ്പെടുത്തി യാത്രാ പാസ് സംഘടിപ്പിക്കണം. കൂടെ യാത്ര ചെയ്യുന്നവരുടെ വിവരം പാസിൽ രേഖപ്പെടുത്തണം. വാഹനത്തിൽ പരമാവധി സഞ്ചരിക്കാൻ കഴിയുന്നത് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കായിരിക്കും. ഗർഭിണിയോടൊപ്പം കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കും. കേരളത്തിലെ ഏതു ജില്ലയിലേക്കാണോ വരേണ്ടത് അവിടുത്തെ ജില്ലാ കലക്ടർക്ക് ഇമെയിലിലൂടെയോ വാട്‌സ്ആപ്പിലൂടെയോ അപേക്ഷ നൽകണം. ജില്ലാ കലക്ടർ യാത്ര ചെയ്യേണ്ട തീയതിയും സമയവും നിശ്ചയിക്കും. അതിർത്തിയിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പാസ് പരിശോധിച്ച് ഇവരെ അതിർത്തി കടത്തണം. കൊവിഡ് 19 ലക്ഷണങ്ങളുണ്ടെങ്കിൽ യാത്രക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കണം. രോഗ ലക്ഷണങ്ങളില്ലാത്തവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കണം.

രോഗികൾ ഏതു രോഗത്തിനാണ് ചികിത്സ വേണ്ടതെന്ന് ജില്ലാ കലക്ടറെ അപേക്ഷയിലൂടെ അറിയിക്കണം. ജില്ലാ ഭരണകൂടം അപേക്ഷ പരിഗണിച്ച് യാത്രാ അനുമതി നൽകണം. ആരെങ്കിലും മരിച്ചതിനെ തുടർന്നോ മരണാസന്നന്നെ കാണാനോ ആണ് യാത്രയെങ്കിൽ താമസിക്കുന്ന സ്ഥലത്തെ ജില്ലാ ഭരണകൂടത്തിന്റെ പാസ് ഹാജരാക്കണം. സ്വയം തയാറാക്കിയ സത്യവാങ്മൂലവും അതിർത്തിയിൽ നൽകണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here