24 മണിക്കൂറിനിടെ 27 കൊവിഡ് മരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് 24 മണിക്കൂറിനിടെ 27 കൊവിഡ് മരണം സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 507 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 1,334 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

43 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കേസുകൾ ഇല്ല. 2231 പേർ രോഗമുക്തരായി. ഗുരുതരാവസ്ഥയിലായതോ അതീവ ഗുരുതരാവസ്ഥയിലായതോ ആയ രോഗികളെ പരിചരിക്കാൻ രാജ്യത്ത് 755 കൊവിഡ് ആശുപത്രികളുണ്ട്. 1,389 കൊവിഡ് ആരോഗ്യ കേന്ദ്രങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 3,86,791 ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്ന് ഐ.സി.എം.ആർ. വക്താവ് ഡോ. രമൺ ആർ ഗംഗാഖേദ്കർ പറഞ്ഞു. 37,173 ടെസ്റ്റുകൾ നടത്തിയത് ശനിയാഴ്ചയാണ്. ഇതിൽ 29,287 ടെസ്റ്റുകൾ ഐ.സി.എം.ആർ. ലാബുകളിലും 7,886 ടെസ്റ്റുകൾ സ്വകാര്യമേഖലകളിലെ ലാബുകളിലുമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top