കോഴിക്കോടിന് പ്രത്യേക ഇളവുകൾ ഒന്നുമില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം

കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല റെഡ് സോണിൽ ആയതിനാൽ പ്രത്യേക ഇളവുകൾ ഒന്നുമില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം. നിലവിലെ എല്ലാ നിയന്ത്രണങ്ങളും തുടരും. കൂടെ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു. അതേ സമയം 1584 പേർ കൂടി ഇന്ന് ജില്ലയിൽ വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി.
കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല റെഡ് സോണിൽ ആയതിനാൽ ജില്ലയിലെ നിയന്ത്രണങ്ങൾ തുടരും. കൂടാതെ ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളിലും പ്രത്യേകം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ തുടരും.
ഈ വാർഡുകളിൽ വാഹനഗതാഗതം പാടില്ല. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. ജില്ലയിൽ നേരത്തെയുള്ള ഉത്തരവനുസരിച്ചുള്ള കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. അതിനിടെ കോഴിക്കോട് 1584 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി.
ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ ആകെ എണ്ണം 14,372 ആയി. നിലവിൽ 8428 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 28 പേർ ആശുപത്രിയിലാണ്. അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തു. പുതുതായി 32 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഒൻപത് കോഴിക്കോട് സ്വദേശികളും രണ്ട് കാസർഗോഡ് സ്വദേശികളും ഉൾപ്പെടെ 11 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 39 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here