കൊവിഡ് രൂക്ഷമായാൽ അമേരിക്ക നേരിടാൻ പോകുന്നത് വൻ സാമ്പത്തിക മാന്ദ്യം; മുന്നറിയിപ്പ് നൽകി യുഎൻ

കൊവിഡ് ഇനിയും രൂക്ഷമായാൽ അമേരിക്ക നേരിടാൻ പോകുന്നത് വൻ സാമ്പത്തിക മാന്ദ്യമായിരിക്കുമെന്ന് യുഎൻഒയുടെ മുന്നറിയിപ്പ്. ഇത് ദശലക്ഷക്കണക്കിന് പേരെ ദാരിദ്രത്തിലാക്കുമെന്നും  ദീർഘകാലാടിസ്ഥാനത്തിലുളള നടപടികൾക്ക് യുഎസ് ജനപ്രതിനിധി സഭ തയാറാകണമെന്നുമാണ് യുഎൻഒയുടെ പ്രത്യേക പ്രതിനിധി ഫിലിപ് ആൽസ്റ്റൻ നൽകുന്ന മുന്നറിയിപ്പ്.

നിലവിലെ നയങ്ങളിൽ മാറ്റം വരുത്തണം. ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളാണ് ഇനി വരാൻ പോകുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ സാധാരണക്കാർക്കു മേൽ പതിക്കാതിരിക്കാൻ സർക്കാർ മുൻകരുതൽ സ്വീകരിക്കണം. കൊറോണ വൈറസിന്റെ പ്രത്യാഘാതം ഏറെ ബാധിക്കാൻ പോകുന്നത് കുറഞ്ഞ വരുമാനക്കാരെയും ദരിദ്രരെയുമാണ് ഏറെ ബാധിക്കുക. രാജ്യത്ത് നിലനിൽക്കുന്ന മുതലാളിത്ത അധിഷ്ഠിത സംവിധാനത്തിൽ വിവേചനം നേരിടുന്ന ഇത്തരക്കാരുടെ സ്ഥിതി കൂടുതൽ പരിതാപകരമാകതെ ശ്രദ്ധിക്കണമെന്നും ദാരിദ്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിലെ വിശകലന വിദഗ്ധൻ കൂടിയായ ഫിലിപ് ആൽസ്റ്റൻ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിക്കെതതിരേ ഇപ്പോൾ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കും അമേരിക്കയുടെ ഭാവിയെന്നാണ് ആൽസ്റ്റൻ വിശകലനം ചെയ്യുന്നത്. പാവപ്പെട്ടവർ, തൊഴിൽ രഹിതർ, വയോധികർ, ഇടത്തരക്കാർ തുടങ്ങിയ ജനവിഭാഗങ്ങളുടെ പക്കൽ കൂടുതൽ പണം എത്തിക്കാനുള്ള നടപടികൾ ഭരണകൂടം കൈക്കൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ വായ്പ്പകളുടെ കാര്യത്തിലും സത്വര നടപടികൾ വേണമെന്നും ആൽസ്റ്റൻ വ്യക്തമാക്കുന്നുണ്ട്.

കൊവിഡ് മഹാമാരി അമേരിക്കയിൽ രൂക്ഷമായി ബാധിക്കപ്പെട്ടിരിക്കുമ്പോഴും പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എടുക്കുന്ന നിലപാടുകൾ രാജ്യന്തരതലത്തിൽ തന്നെ വ്യാപക വിമർശനങ്ങൾ നേരിടുമ്പോഴാണ് വലിയ മുന്നറിയിപ്പുകളുമായി യുഎൻ പ്രത്യേക പ്രതിനിധി രംഗത്തു വന്നിരിക്കുന്നത്.

പ്രാദേശിക തലത്തിൽ കൂടുതൽ സഹായങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നാണ് ഫിലിപ് ആൽസ്റ്റൻ പറയുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ കടങ്ങൾ എഴുതി തള്ളാൻ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. യുഎസ് സെൻസസ് ബ്യൂറോയുടെ 2018 ലെ കണക്ക് അനുസരിച്ച് 3.81 കോടിയാളുകളാണ് അമേരിക്കയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. വീട്ടുവാടക നൽകാൻ കഴിയാത്തവർക്കും സഹായമെത്തിക്കാൻ ആൽസ്റ്റൻ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണിക്കന് പേരാണ് വാടക കൊടുക്കാൻ ബുദ്ധിമുട്ടുന്നതെന്നാണ് കണക്ക്. യുഎസിലെ വീട്ടുവാടകക്കാരിൽ മൂന്നിലൊന്നു പേരെയും സാമ്പത്തിക പ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ടെന്നു പറയുന്നു.

Story highlight: The US is going to face a Great Depression if covid intensifies; UN warned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top