കണ്ണൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് എത്തിയ യുവാവിന്

അബുദാബിയിൽ നിന്നെത്തിയ ഒരാൾക്ക് കൂടി കണ്ണൂർ ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി രോഗവിമുക്തി നേടി ആശുപത്രി വിട്ടു. അതേസമയം റെഡ് സോൺ മേഖലയായതിനാൽ ജില്ലയിൽ ഇളവുകൾ ഉണ്ടാകില്ല.

കുന്നോത്തുപറമ്പ് ചെണ്ടയാട് സ്വദേശിയായ 29കാരനാണ് കണ്ണൂർ ജില്ലയിൽ പുതുതായി കൊവിഡ് രോഗബാധ കണ്ടെത്തിയത്. മാർച്ച് 22ന് അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഏപ്രിൽ 17നാണ് തലശേരി ജനറൽ ആശുപത്രിയിൽ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്.

ഇതോടെ കണ്ണൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. തലശേരി ജനറൽ ആശുപത്രിയിൽ നിന്ന് മൂന്ന് പേർ കൂടി ഞായറാഴ്ച ആശുപത്രി വിട്ടു. ഇതോടെ 42 പേർക്ക് ജില്ലയിൽ രോഗം ഭേദമായി.

നിലവിൽ 106 പേർ ആശുപത്രികളിലും 5881 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ മുഴുവൻ പേരുടേയും, ലോക്ക് ഡൗണിന് തൊട്ടു മുൻപ് ഗൾഫിൽ നിന്ന് ജില്ലയിലെത്തിയവരുടേയും സ്രവം പരിശോധനയ്ക്ക് അയക്കുന്നുണ്ട്.328 സാംപിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

റെഡ് സോണിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിൽ മെയ് 3 വരെ സമ്പൂർണ ലോക്ക് ഡൗൺ ആണ്. അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. അതിർത്തികളിലും നിയന്ത്രണം തുടരും. ചരക്ക് നീക്കം തടയില്ല. പൂർണമായും അടച്ചിട്ട ഹോട്ട് സ്‌പോട്ട് മേഖലകളിൽ അവശ്യ വസ്തുക്കൾ എത്തിക്കുന്നത് രണ്ട് എൻട്രി, എക്‌സിറ്റ് പോയിന്റുകളും ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top