കൊല്ലത്ത് വ്യാജമദ്യ വേട്ട; 1000 ലിറ്റർ വീതം ചാരായവും വ്യാജമദ്യവും പിടികൂടി

ലോക്ക് ഡൗണില്‍ മദ്യശാലകള്‍ പൂട്ടിയതിനു പിന്നാലെ കൊല്ലത്ത് വ്യാജമദ്യ വേട്ട വ്യാപകമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 1000 ലിറ്റര്‍ വീതം വ്യാജമദ്യവും ലിറ്റര്‍ ചാരായവുമാണ് പിടികൂടിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന എക്സൈസ് വകുപ്പ് തുടരുകയാണ്

കഴിഞ്ഞ ദിവസം കുണ്ടറ പേരയത്ത് നിന്ന് പത്ത് ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ചാരായത്തിന് വീര്യം കൂട്ടാനുപയോഗിക്കുന്ന ശരീരത്തിന് ദോഷകരമായ രാസവസ്തുവും ഇവിടെനിന്ന് കണ്ടെടുത്തു. വാറ്റ് നടത്തി വന്ന പേരയം സ്വദേശികളായ ഷാജി, ടോമി എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

മലയോരപ്രദേശങ്ങളും തുരുത്തുകളുമടക്കം എക്സൈസിന് പെട്ടെന്നെത്തിപ്പെടാന്‍ കഴിയാത്ത സ്ഥലം കേന്ദ്രീകരിച്ചാണ് വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നത്. ഇവരെ പിടികൂടാൻ എക്സൈസ് സംഘം ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജില്ലയില്‍ കർശന പരിശോധന തുടരുകയാണ്.

സംസ്ഥാനത്തുടനീളം വ്യാജ വാറ്റ് സംഘങ്ങൾ സജീവമായിരിക്കുകയാണ്. ലോക്ക് ഡൗണിൽ ബീവറേജുകളും ബാറുകളും പൂട്ടിയതിൻ്റെ പശ്ചാത്തലത്തിൽ വില്പനക്ക് വാറ്റുന്നവരും സ്വന്തം ഉപയോഗത്തിന് വാറ്റുന്നവരും ധാരാളം. യൂട്യൂബ് വീഡിയോ നോക്കി വാറ്റുന്നവരും കുറവല്ല. മദ്യത്തിൻ്റെ ലഭ്യതക്കുറവ് വ്യാജ മദ്യ സംഘങ്ങൾക്കും വളരാനുള്ള ഇടം നൽകുകയാണ്. വിവിധ ജില്ലകളിലായി ഒട്ടേറെ പേരെ എക്സൈസ് കഴിഞ്ഞ ഒരു മാസം കൊണ്ട് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാനത്ത് വ്യാജ മദ്യ നിർമ്മാണം സജീവമായി തുടരുകയാണ്.

Story Highlights: arrack seized in kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top