വാര്‍ത്താസമ്മേളനത്തില്‍ പൊങ്ങച്ചമല്ല പറഞ്ഞത്, ചെയ്ത കാര്യങ്ങള്‍: മുഖ്യമന്ത്രി

വാര്‍ത്താസമ്മേളനത്തില്‍ പൊങ്ങച്ചമല്ല പറഞ്ഞത് ചെയ്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളില്‍ വാര്‍ത്താസമ്മേളനം നടത്താമെന്ന് പറഞ്ഞാണ്. വാര്‍ത്താസമ്മേളത്തില്‍ അതത് ദിവസത്തെ പ്രധാന സംഭവങ്ങളാണ് എടുത്ത് പറഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താസമ്മേളനം ഉപയോഗിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ചില കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ ഓര്‍ത്ത് പോകുന്നത് നല്ലതായിരിക്കും. ജനുവരി 30 നാണ് ആദ്യത്തെ കൊവിഡ് ബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അതിന് ശേഷമുള്ള അവസ്ഥ സംസ്ഥാനം മുള്‍മുനയില്‍ നില്‍ക്കുന്നതായിരുന്നു. രാജ്യത്തെ ആദ്യത്തെ കൊവിഡ് 19 ബാധ നമ്മുടെ സംസ്ഥാനത്തായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിയെ തൃശൂരിലെ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ കേരളം ആകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രത്യേക ടീമുകള്‍ രൂപീകരിക്കപ്പെട്ടു. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സംവിധാനങ്ങള്‍ ഒരുക്കി. രോഗലക്ഷണമുള്ളവരെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാസര്‍ഗോട്ടും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന്‌പേരെയും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിഞ്ഞു. കൂടുതല്‍ ആളുകളിലേക്ക് പടരാതെ ശ്രദ്ധിക്കാനും കഴിഞ്ഞു. ആദ്യഘട്ടത്തില്‍ കൊവിഡ് 19 ന് എതിരെയുള്ള വിജയമായിരുന്നു ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി 19 ന് സംസ്ഥാനത്ത് വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്ന ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായി. എന്നാല്‍ അതിന് മുന്‍പ് തന്നെ സംസ്ഥാനത്ത് എല്ലാ വിമാനത്താവളങ്ങളിലും പരിശോധനാ സംവിധാനം ഒരുക്കിയിരുന്നു. യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഇതൊക്കെ ഉണ്ടായിട്ടും അഞ്ച് പേര്‍ക്ക് രോഗംബാധിച്ചത് രണ്ടാംഘട്ട രോഗവ്യാപനത്തിന്റെ ഭീഷണിയായിരുന്നു.
സ്വാഭാവികമായും അതോടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സമ്പര്‍ക്കത്തിലുള്ളവര്‍, സഹയാത്രികര്‍, എല്ലാവരെയും കണ്ടെത്തി പരിശോധനക്ക് വിധേയരാക്കി. ശാസ്ത്രീയമായ റൂട്ട് മാപ്പ് തയാറാക്കി. വിമാനത്താവളങ്ങളില്‍ പ്രാഥമിക പരിശോധന നിര്‍ബന്ധമാക്കി. വിമാനത്തില്‍ വന്നിറങ്ങുന്നവരെ വീടുകളിലേക്കോ ആശുപത്രികളിലേക്കോ നിരീക്ഷണത്തില്‍ കഴിയാന്‍ അയച്ചു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ആള്‍ക്കൂട്ടങ്ങള്‍ക്ക്, ഉത്സവങ്ങള്‍ക്ക്, സാസ്‌കാരിക രാഷ്ട്രീയ കുടിച്ചേരലുകള്‍ക്ക് എല്ലാം വിലക്ക് ഏര്‍പ്പെടുത്തി. വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചു. സിനിമാ തിയേറ്ററുകള്‍ അടച്ചിട്ടു. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആശാ വര്‍ക്കര്‍മാരും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രതിരോധത്തിനിറങ്ങി. ഒരു ഭേദചിന്തയുമില്ലാതെ ഒരു സംവിധാനമാകെ ഒറ്റ ലക്ഷ്യത്തിന് വേണ്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു.
വ്യക്തി ശുചീകരണം, സാനിറ്റൈസറുകളുടെ ഉപയോഗം, ശാരീരിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമാക്കി നടപ്പിലാക്കി. ലോക്ക്ഡൗണ്‍ രാജ്യവ്യാപകമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേരളത്തില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. മാസ്‌കുകളുടെ ഉപയോഗം വ്യാപകമാക്കി. കുറഞ്ഞ ചിലവില്‍ സാനിറ്റൈസറും മാസ്‌കും നിര്‍മിച്ച ജനങ്ങളിലെത്തിച്ചു. വീടുകളിലിരുന്ന് ജേലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ വര്‍ധിച്ച ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കി. സ്തംഭിച്ച് പോയ നാടിനെയും ജനജീവിതത്തെയും തിരികെ പിടിക്കാന്‍ 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.
വിദേശങ്ങളില്‍ നിന്ന് പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. പഴുതടച്ചുള്ള ഇടപെടലുകളാണ് നാം നടത്തിയത് ഇന്ത്യയിലെ രോഗികളുടെ എണ്ണത്തില്‍ ഒന്നാമതായിരുന്നു നാം ആദ്യഘട്ടത്തില്‍. കേരളം കൊവിഡിന്റെ നാട് എന്ന് പറഞ്ഞായിരുന്നു അയല്‍ സംസ്ഥാനം റോഡ് മണ്ണിട്ട് മൂടിയത്. ഫെബ്രുവരി ഒന്നിന് സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1471 ആയിരുന്നു. ആ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 36 ആയിരുന്നു. മാര്‍ച്ച് 26 ആയപ്പോള്‍ നിരീക്ഷണത്തിലായിരുന്നവരുടെ എണ്ണം ഒരുലക്ഷം കടന്നു. അത് ഏപ്രില്‍ നാലായപ്പോള്‍ ഒരുലക്ഷത്തി എഴുപത്തിയൊന്നായിരത്തി മുന്നൂറ്റി അന്‍പത്തിയഞ്ച് വരെയായി. ഏപ്രില്‍ നാലിന് പുതുതായി 174 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രികളില്‍ കിടക്കുന്നവരുടെ എണ്ണം ഏപ്രില്‍ 11 ന് 814 ആയി ഉയര്‍ന്നു. കൈവിട്ട് പോകും എന്ന് കരുതിയ അവസ്ഥ ഒരുഘട്ടത്തില്‍ ഉണ്ടായി. ഒരു രോഗി 23 പേര്‍ക്കാണ് രോഗം പകര്‍ന്ന് നല്‍കിയത്.
ഓരോ രോഗിയെയും കണ്ടെത്തുകയും അവര്‍ സഞ്ചരിച്ച വഴികളിലൂടെ ചെന്ന് പകരാന്‍ സാധ്യതയുള്ളവരെ തെരഞ്ഞുപിടിക്കുകയും ഐസൊലേഷനില്‍ ആക്കുകയും ചെയ്തു. ഇപ്പോള്‍ നമുക്ക് ആശ്വസിക്കാനും അഭിമാനിക്കാനുള്ള വകയുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രി വിവാദങ്ങളോട് പ്രതികരിച്ചത്.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here