ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ: ഗൗതം ഗംഭീർ

ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ ക്യാപ്റ്റനുമായ ഗൗതം ഗംഭീർ. ക്യാപ്റ്റൻസിയിൽ ഏറ്റവും പ്രധാനം കിരീടങ്ങൾ ആണെന്നും ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനായാവും രോഹിത് കരിയർ അവസാനിപിക്കുക എന്നും ഗംഭീർ പറഞ്ഞു. ഹിന്ദുസ്താൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“എൻ്റെ അഭിപ്രായത്തിൽ രോഹിതാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ‌. അദ്ദേഹം 4 ഐപിഎൽ കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ക്യാപ്റ്റൻസിയിൽ ഏറ്റവും പ്രധാനം കിരീടങ്ങൾ നേടുകയെന്നതാണ്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായിട്ടായിരിക്കും അദ്ദേഹം കരിയർ അവസാനിപ്പിക്കുക. ഇപ്പോൾത്തന്നെ അദ്ദേഹം 4 കിരീടങ്ങൾ നേടിക്കഴിഞ്ഞു. കരിയർ അവസാനിക്കുമ്പോൾ 6-7 ഐപിഎൽ കിരീടങ്ങൾ രോഹിതിന്റെ കൈവശമുണ്ടാകും. ”-ഗംഭീർ പറഞ്ഞു.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനാണ് രോഹിത് ശർമ്മ. 2013ലാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസ് നായകനാവുന്നത്. അക്കൊല്ലം തന്നെ ആദ്യ ഐപിഎൽ കപ്പടിച്ച മുംബൈ പിന്നീട് ഒന്നിടവിട്ട മൂന്ന് എഡിഷനുകൾ കൂടി കിരീടം നേടി. നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യൻസ്.

അതേ സമയം, കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ 2020 അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ടൂർണമെൻ്റ് നീട്ടിവക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.

Story highlights-IPL,Gambhir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top