രാജ്യത്തെ തീവ്ര കൊവിഡ് മേഖലകൾ സന്ദർശിക്കാൻ കേന്ദ്രസംഘം; സ്ഥിതിഗതികൾ വിലയിരുത്തും

രാജ്യത്തെ തീവ്ര കൊവിഡ് മേഖലകൾ കേന്ദ്ര നിരീക്ഷണ സംഘം ഇന്ന് സന്ദർശിച്ചേക്കും. കൊവിഡ് ബാധ രൂക്ഷമായ മേഖലകളിലായിരിക്കും സംഘമെത്തുക. കൊവിഡ് കേസുകളും മരണവും രൂക്ഷമായ മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, മധ്യപ്രദേശിലെ ഇൻഡോർ, രാജസ്ഥാനിലെ ജയ്പൂർ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രസംഘത്തെ വീതമാണ് നിയോഗിച്ചിരിക്കുന്നത്.
രണ്ട് നിരീക്ഷക സംഘങ്ങൾ പശ്ചിമബംഗാളിലെ കൊവിഡ് മേഖലകൾ നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കും. മമത സർക്കാർ കൊവിഡ് കണക്കുകൾ ഒളിക്കുന്നതായി ആരോപണമുയരുന്നതിനിടെയാണ് കേന്ദ്രസംഘം പശ്ചിമ ബംഗാളിലെത്തുന്നത്. നേപ്പാൾ സ്വദേശിയായ കൊവിഡ് രോഗിയെ ദുരൂഹമായി മറവ് ചെയ്തുവെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം ഇന്നലെ ആരോപിച്ചിരുന്നു.
അതേസമയം, യൂറോപ്യൻ യൂണിയനിലെ മോൾഡോവയിലും യു.കെ.യിലും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അതിഥി തൊഴിലാളികളുടെ വേതന വിഷയവും പരിശോധിക്കും. അതിനിടെ മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here