കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുടേത് സങ്കീര്‍ണമായ റൂട്ട് മാപ്പ്

കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രോഗിയുടേത് സങ്കീര്‍ണമായ റൂട്ട് മാപ്പ്. കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ 31 കാരനാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് വൈറസ് ബാധിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. വിശാലമായ സമ്പര്‍ക്ക പട്ടികയാണ് ഇയാളുടേത്. മാര്‍ച്ച് 19ന് അതിര്‍ത്തിപ്രദേശമായ പുളിയന്‍ കുടിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത ഇയാള്‍ അവിടെ അമ്മയുടെ സഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 19 മുതല്‍ 21 വരെ തെങ്കാശിയിലെ മുത്തു സീട്രീറ്റിലും കര്‍പ്പകവീതിയിലും താമസിച്ചു. 21 ന് കെഎസ്ആര്‍ടിസിയില്‍ തിരികെ കുളത്തൂപ്പുഴയിലെത്തിയ ശേഷം 21 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നിയന്ത്രണങ്ങളില്ലാതെ താമസിച്ചു. ഏപ്രില്‍ 3 ന് അധികൃതരുടെ കണ്ണുവെട്ടിച്ച് പച്ചക്കറി ലോറിയിലും കാല്‍നടയായും വീണ്ടും തെങ്കാശിയിലേക്ക് പോയി.
ഏപ്രില്‍ നാല് മുതല്‍ ആറ് വരെ തെങ്കാശിയില്‍ മുന്‍പ് താമസിച്ച സ്ഥലത്ത് തന്നെ വീണ്ടും താമസിച്ചു. ഏപ്രില്‍ 6 ന് സുഹൃത്തിന്റെ ഇരുചക്രവാഹനത്തില്‍ പുളിയറയിലേക്കും അവിടെനിന്നും കാല്‍നടയായും പച്ചക്കറി വാഹനത്തിലും ആംബുലന്‍സിലുമായി കുളത്തുപ്പുഴയിലുമെത്തി.

ഏപ്രില്‍ ഏഴു മുതല്‍ 19 വരെ കുളത്തൂപ്പുഴയില്‍ തുടര്‍ന്ന ഇയാള്‍ എല്ലാദിവസവും സമീപത്തെ അമ്പലക്കുളത്തില്‍ കുളിക്കുകയും സമീപത്തെ കടയില്‍ നിരന്തരം സന്ദര്‍ശനം നടത്തുകയും ചെയ്തു.
19 നാണ് ഇയാളെ സ്രവ പരിശോധനയ്ക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നിന്നും കൊല്ലം ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിന് മാറ്റി. നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ ഉള്ളത്.

 

Story Highlights- covid19, coronavirus, kollam, route map

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top