Advertisement

24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1329 പേർക്ക്; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19000ലേക്ക് അടുക്കുന്നു

April 21, 2020
Google News 1 minute Read

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19000ലേക്ക് അടുക്കുന്നു. 18,985 പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1329 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 44 പേർ കൂടി ഇന്ന് മരിച്ചതോടെ മരണസംഖ്യ 603 ആയി ഉയർന്നു. പരിശോധനാഫലത്തിൽ കൃത്യതയില്ലെന്ന് പരാതിയുർന്നതിനെ തുടർന്ന് റാപിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന രണ്ടുദിവസത്തേക്ക് നിർത്തിവച്ചു. പശ്ചിമ ബംഗാളിലെ കേന്ദ്രസംഘത്തിന്റെ സന്ദർശനം രാഷ്ട്രീയ വിവാദമായി.

റാപിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുമ്പോൾ തെറ്റായ പരിശോധനഫലമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാൻ സർക്കാർ രംഗത്ത് വന്നിരുന്നു. 90 ശതമാനം കൃത്യതയെങ്കിലും വേണ്ട സ്ഥാനത്ത് 5.4 ശതമാനം മാത്രമാണെന്നും ആരോപണമുയർന്നു. ഇതോടെ, ഇക്കാര്യം അന്വേഷിക്കാനും രണ്ടുദിവസത്തേക്ക് ദ്രുതപരിശോധന നിർത്തിവയ്ക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. രോഗം ഭേദമാകുന്നവരുടെ നിരക്ക് 17.48 ശതമാനമായി ഉയർന്നു. കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ 61 ജില്ലകളിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ തീവ്ര കൊവിഡ് മേഖലകൾ കേന്ദ്രസംഘം സന്ദർശിച്ചു. പശ്ചിമ ബംഗാളിലെ മേഖലകൾ സന്ദർശിക്കാൻ മമത സർക്കാർ ആദ്യം അനുമതി നൽകിയില്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കടുത്ത നിർദേശം നൽകിയതോടെ സർക്കാർ അയഞ്ഞു. രാഷ്‌ട്രപതി ഭവനിലെയും ലോക്സഭാ സെക്രട്ടറിയേറ്റിലെയും ഓരോ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയെ സംബന്ധിച്ച് ആശ്വാസറിപ്പോർട്ടാണ് ഇന്ന് പുറത്തുവന്നത്. ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ, 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ 19 പേർ മരിച്ചു. ഇതിൽ 15ഉം അഹമ്മദാബാദിലാണ്. സംസ്ഥാനത്ത് 2178 പോസിറ്റീവ് കേസുകളും 90 മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിൽ പോസിറ്റീവ് കേസുകൾ 1735 ആയി ഉയർന്നു. ഇന്ന് 159 പുതിയ കേസുകളും 26 മരണവും റിപ്പോർട്ട് ചെയ്തു.

Story Highlights: covid 19 total 18985 positive cases in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here