ലോക്ക്ഡൗൺ; കണ്ടെയ്നറുകൾക്ക് ഡെമറേജ് ചാർജും സ്ഥലവാടകയും അധികമായി നൽകേണ്ടി വരുന്നതിൽ പ്രതിസന്ധിയിലായി വ്യവസായികൾ

സംസ്ഥാനത്ത് കപ്പൽ മാർ​ഗമെത്തുന്ന കണ്ടെയ്നറുകൾക്ക് ഡെമറേജ് ചാർജും സ്ഥലവാടകയും അധികമായി നൽകേണ്ടി വരുന്നതിൽ പ്രതിസന്ധിയിലായി വ്യവസായികൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമെത്തിയ കണ്ടെയ്നറുകൾക്ക് അധിക ചാർജ് കൂടി നൽകേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്നും വ്യവസായികൾ പറയുന്നു.

ടൈൽസും സാനിറ്ററി ഉത്പന്നങ്ങളും വിൽപ്പന നടത്തുന്നവരാണ് ഏറെയും പ്രതിസന്ധിയിലായിരിക്കുന്നത്. കേരളത്തിലേക്ക് ടൈൽസ് അടക്കമുള്ള സാധനങ്ങൾ ഏറ്റവും അധികം എത്തുന്നത് കപ്പൽ മാർ​ഗമാണ്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് കണ്ടെയ്നറുകളാണ് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ കുടുങ്ങിക്കിടക്കുന്നത്.

കയറ്റിറക്ക് തൊഴിലാളികൾ അടക്കം ​ഗോഡൗണിൽ എത്താത്തതിനാൽ കണ്ടെയ്നറുകൾ നിലവിൽ ഏറ്റെടുക്കാൻ വ്യവസായികൾക്ക് കഴിയുന്നില്ല. ഇതോടെ കണ്ടെയ്നറുകൾ വല്ലാർപാടം ടെർമിനലിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. ലോക്ക്ഡൗണിന്റെ ഭാ​ഗമായി കുടുങ്ങിക്കിടക്കുന്ന കണ്ടെയ്നറുകൾക്ക് അധിക ചാർജുകൾ ഈടാക്കരുതെന്നതാണ് കേന്ദ്ര സർക്കാർ ഉത്തരവെങ്കിലും ഇത് വല്ലർപാടം കണ്ടെയ്നർ ടെർമിനൽ അധികൃതർ നടപ്പാക്കുന്നില്ലെന്ന് ടൈൽസ് വ്യാപാരികൾ പറയുന്നു.

പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും ഈ മേഖലയിൽ ഉണ്ടാവുക. വിഷയം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.

Story Highlights: coronavirus, lock down,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top