Advertisement

ദേവസ്വം ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകിയെന്ന് വ്യാജപ്രചാരണം

April 21, 2020
Google News 1 minute Read

ദേവസ്വം ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം. ബിനോജ് മാധവൻ നായർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ആദ്യം ഇത് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് പലരും ഇത് പങ്കുവച്ചു. ഈ പോസ്റ്റിന് ഇപ്പോൾ 4300ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.

‘കൊറോണ പശ്ചാത്തലത്തിലും ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞ സാഹചര്യത്തിലും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് ദേവസ്വം മന്ത്രി, കൊറോണ പശ്ചാത്തലത്തിലും മദ്രസകള്‍ തുറക്കാത്ത സാഹചര്യത്തിലും ഉസ്‌താദ്മാര്‍ക്ക് അതാത് മാസത്തെ ശമ്പളം സൗജന്യമായി നല്‍കുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി കെടി ജലീല്‍.’-ഇങ്ങനെയാണ് പോസ്റ്റിൽ ഉള്ളത്.


എന്നാൽ ഇത്തരത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍റെ അഡീഷണല്‍ പ്രൈവെറ്റ് സെക്രട്ടറി കെപി ശ്രീകുമാറിൻ്റെ വിശദീകരണം. അതില്‍ മന്ത്രി ഒരുതരത്തിലും ഇടപെടല്‍ നടത്തിയിട്ടില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് വിവിധ ആനുകൂല്യങ്ങൾ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രസ അധ്യാപകര്‍ക്ക് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നുമുള്ള സഹായധനമാണ് നല്‍കുന്നത്. പ്രചരിക്കുനൻ പോസ്റ്റ് അടിസ്ഥാന രഹിതമാണെന്നും കെപി ശ്രീകുമാര്‍ വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ധനസഹായങ്ങളെ കുറിച്ചുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ പോസ്റ്റ്:

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് കരുതലുമായി സര്‍ക്കാര്‍. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍, കഴകം, മറ്റ് അനുബന്ധ ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ജീവനക്കാര്‍ക്ക് അവധി കണക്കാക്കാതെ മുഴുവന്‍ ശമ്പളവും നല്‍കി.

സര്‍ക്കാര്‍ ഗ്രാന്റ് പ്രകാരം ശമ്പളം നല്‍കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളം ഉറപ്പ് വരുത്തും. നിലവില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട സാഹചര്യത്തില്‍ വിവിധ ക്ഷേത്രങ്ങളിലെ ട്രസ്റ്റിമാര്‍ക്ക് സബ് ട്രഷറികളില്‍ പോയി തുക മാറാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിച്ച് ശമ്പളവിതരണം പൂര്‍ത്തിയാക്കുവാന്‍ പ്രത്യേക യോഗം ചേരും. കോവിഡ്‌ പശ്ചാത്തലത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക ഫണ്ടില്‍ നിന്നും 2.5 കോടി രൂപ വിനിയോഗിക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു അനുമതി നല്‍കി. ഇത് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും.

കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here