Advertisement

കൊവിഡ് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തു വിടുന്ന കണക്കുകളിൽ സംശയം: കെ സുരേന്ദ്രൻ

April 21, 2020
Google News 1 minute Read

കൊവിഡ് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തു വിടുന്ന കണക്കുകളിൽ സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിമാനത്താവളങ്ങൾ അടച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും വിദേശത്ത് നിന്ന് വന്നവർക്ക് ഇപ്പോഴും കൊവിഡ് സ്ഥിരീകരിക്കുന്നു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് വന്നവരിൽ രോഗം സ്ഥിരീകരിച്ചവരെ പറ്റി സർക്കാർ ഒന്നും പറയുന്നില്ല. പുറത്തുവിടുന്ന കണക്കുകൾ ശരിയായ വസ്തുതയ്ക്ക് അടിസ്ഥാനപ്പെടുത്തിയാണൊയെന്ന് സംശയിക്കുന്നു. കണക്കുകളും വിവരങ്ങളും പുറത്ത് വിടുന്നതിൽ കേരളം, കർണാടക പോലുള്ള സംസ്ഥാനങ്ങളെ സർക്കാർ മാതൃകയാക്കണമെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

സ്പ്രിംക്ലർ ഇടപാടിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ചുള്ള സിപിഎം നിലപാട് പരിതാപകരമാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടാൻ സിപിഎം തയ്യാറാകാത്തത് ലജ്ജാകരമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് മുഖ്യമന്ത്രിയെ ഭയമാണോയെന്നും ചോദിച്ചു.

സർക്കാർ നിയോഗിച്ച അന്വേഷണ സമിതി തട്ടിപ്പാണ്. ഡേറ്റ സുരക്ഷിതത്വം സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശങ്ങളെ അട്ടിമറിച്ചാണ് സർക്കാർ മുന്നാട്ട് പോകുന്നത്. ഇതിനെ നിയമപരമായി നേരിടും. സ്പ്രിംക്ലർ ഇടപാട് സംബന്ധിച്ച ഹൈക്കോടതിയിലെ ഹർജിയിൽ ബിജെപി കക്ഷി ചേരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇന്നലെ 6 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആറുപേരും കണ്ണൂര്‍ ജില്ലക്കാരാണ്. അതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21 പേര്‍ ഇന്നലെ രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലക്കാരായ 19 പേരും ആലപ്പുഴ സ്വദേശികളായ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്.

ഇതുവരെ 408 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 46323 പേരാണ് നിരീക്ഷണത്തിലുള്ളത്. 45925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 62 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: K surendran says confusion in kerala covid count

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here