കൊറോണ: ജന്മനാടിന് സഹായവുമായി മുഹമ്മദ് സല

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജന്മനാടിന് സഹായവുമായി ഈജിപ്തിൻ്റെ ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സല. താൻ ജനിച്ചുവളർന്ന ഈജിപ്തിലെ നാഗ്രിഗ് നിവാസികൾക്ക് ടൺ കണക്കിനു ഭക്ഷണവും മാസവുമാണ് സല നൽകിയത്. സലയുടെ അച്ഛൻ സല ഗലിയാണ് വിവരം പങ്കുവച്ചത്.

സലയുടെ ചാരിറ്റി ഫൗണ്ടേഷനാണ് ഗ്രാമത്തിൽ സഹായം എത്തിച്ചു നൽകിയത്. ആളുകൾ കൂട്ടം കൂടരുതെന്നും വീടുകളിൽ തന്നെ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇനിയും സഹായം നൽകുമെന്ന് സലയുടെ പിതാവ് അറിയിച്ചു. ഗ്രാമം ശുദ്ധീകരിച്ചു എന്നും മാസ്കുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപും പലതവണ സല ഈജിപ്തിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. 2018ൽ ജന്മനാട്ടിലെ ബാസിയോൺ ആശുപത്രിക്കായി 900,000 ഈജിപ്ഷ്യൻ പൗണ്ട് (ഇന്ത്യൻ കറൻസിയിൽ 44 ലക്ഷത്തോളം രൂപ) അദ്ദേഹം നൽകി. മാലിന്യ സംസ്കരണ പ്ലാൻ്റിനായി 5 ഏക്കർ ഭൂമിയും അദ്ദേഹം വിട്ടു നൽകി.

കഴിഞ്ഞ ഓഗസ്റ്റിൽ ഈജിപ്തിൻ്റെ ദേശീയ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനായി അദ്ദേഹം 3 മില്ല്യൺ യുഎസ് ഡോളർ നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഇൻസ്റ്റൻ്റ് നെറ്റ്‌വർക്ക് സ്കൂൾസ് എന്ന പദ്ധതിയുടെ ആദ്യ അംബാസിഡർ ആയി അദ്ദേഹത്തെ നിയമിച്ചിരുന്നു. അഭ്യാർത്ഥികളായ കുട്ടികൾക്ക് മികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകാനുള്ള പദ്ധതിയാണിത്.

ഈജിപ്തിൽ ഇതുവരെ 3333 പേർക്ക് കോവിഡ് 19 ബാധിക്കുകയും 250 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. 821 പേർ രോഗമുക്തരായി.

Story Highlights: Mohamed Salah donates thousands of tons of food to his hometown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top