കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘കാമ്പ് നൗ’ വിൽക്കും; സമാനതകളില്ലാത്ത സഹജീവി സ്നേഹവുമായി ബാഴ്സലോണ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൻ്റെ ‘കാമ്പ് നൗ’ എന്ന പേര് വിൽക്കാനൊരുങ്ങി ബാഴ്സലോണ. പേരിൻ്റെ ഉടമസ്ഥാവകാശം ബാഴ്സലോണ ബാഴ്സ ഫൗണ്ടേഷനു കൈമാറിക്കഴിഞ്ഞു. 2020-21 സീസണിൽ സ്പോൺസറുടെ പേരിലാവും സ്റ്റേഡിയം അറിയപ്പെടുക. വരുന്ന സീസണു വേണ്ടിയുള്ള സ്പോൺസറെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്ന് എഫ്സി ബാഴ്സലോണയുടെ വെബ്സൈറ്റിലൂടെ ക്ലബ് അറിയിക്കുന്നു.
സ്പോൺസർ നൽകുന്ന തുക മുഴുവനായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകും. അടുത്ത സീസണിൽ വീണ്ടും കാമ്പ് നൗ എന്ന പേരിൽ തന്നെയാവും സ്റ്റേഡിയം അറിയപ്പെടുക. ലോകം മുഴുവൻ പകച്ചു നിൽക്കുന്ന ഈ വേളയിൽ മാനവികതക്കൊപ്പം നിലകൊള്ളുക എന്നതാണ് ക്ലബിനു സുപ്രധാനം എന്ന് ക്ലബ് അധികൃതർ വ്യക്തമാക്കുന്നു. ‘മോർ ദാൻ എ ക്ലബ്’ എന്ന ആപ്ത വാക്യത്തിൽ ഊന്നിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങളെന്നും പത്രക്കുറിപ്പികൂടെ ക്ലബ് വൈസ് പ്രസിഡൻ്റ് പറയുന്നു.
63 വർഷത്തെ പൈതൃകം പേറുന്ന പേരാണ് കാമ്പ് നൗ. കറ്റലോണിയൻ സംസ്കാരവുമായി ഇഴചേർന്നു കിടക്കുന്ന കാമ്പ് നൗ 1957ലാണ് പണി കഴിപ്പിക്കപ്പെട്ടത്. നാലു വർഷങ്ങൾ കൊണ്ട് പണി കഴിപ്പിച്ച പുതിയ സ്റ്റേഡിയത്തിന് ‘പുതിയ മൈതാനം’ എന്നർത്ഥം വരുന്ന കാമ്പ് നൗ എന്ന പേരാണ് സ്വീകരിച്ചത്. 105000 പേർക്ക് ഇരിക്കാവുന്ന ഈ കൂറ്റൻ സ്റ്റേഡിയം യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ മൈതാനമാണ്. ആ പേരാണ് ഒരു സീസൺ നീണ്ട കാലയളവിൽ മാറ്റി നിർത്തപ്പെടുന്നത്. ക്ലബിൻ്റെ ചരിത്രവും പൈതൃകവും പേറുന്ന കാമ്പ് നൗ എന്ന പേര് കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചത് വ്യാപകമായി അഭിനന്ദിക്കപ്പെടുന്നുണ്ട്.
മുൻപും മാനവികതയുടെ അടയാളങ്ങൾ ബാഴ്സലോണ കാഴ്ച വച്ചിരുന്നു. 2006ൽ യുണിസെഫിൻ്റെ ഷർട്ട് സ്പോൺസർ ആക്കിയത് പണം അങ്ങോട്ട് നൽകിയായിരുന്നു. അഞ്ച് വർഷമാണ് യുണിസെഫിൻ്റെ പേര് ബാഴ്സലോണ ജഴ്സിയുടെ മുൻവശത്ത് പതിപ്പിച്ചത്.
Story Highlights: Barcelona to sell Camp Nou naming rights and give proceeds to charity
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here