മാവേലിക്കരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

മാവേലിക്കര ചെട്ടികുളങ്ങരയിൽ പാചകവാതക സിലണ്ടർ പൊട്ടിതെറിച്ചു വൃദ്ധ ദമ്പതികൾ മരിച്ചു. ഇന്നലെ അർദ്ധ രാത്രിയിലായിരുന്നു സംഭവം. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വടക്കേതുണ്ടം പാലപ്പള്ളിൽ വിനോദ് ഭവനത്തിൽ രാഘവൻ (80), മണിയമ്മ (75) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഫോറൻസിക്ക് വിഭാഗം പരിശോധന ആരംഭിച്ചു. പരിശോധനക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
അടുക്കളയോടു ചേർന്നുള്ള കിടപ്പുമുറിയിൽ വെച്ചിരുന്ന 2 സിലണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. വീട് പൂർണമായും കത്തിനശിച്ചു. ഇത് ആത്മഹത്യയാണോ എന്നും സംശയിക്കുന്നുണ്ട്. അടുക്കളയിൽ പാചകത്തിനുപയോഗിക്കുന്ന സിലിണ്ടറല്ല, കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്നതായി കരുതപ്പെടുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇതാണ് ദുരൂഹത ഉണർത്തുന്നത്.
വീട്ടിൽ നിന്ന് സ്ഫോടന ശബ്ദം ഉയരുകയും തീ പടർന്നു പിടിക്കുകയും ചെയ്തത് ശ്രദ്ധിച്ച അയൽവാസികളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്. വീടിനുള്ളിൽ പരക്കുകയും വീട് മുഴുവൻ തീയും പുകയും നിറയുകയും ചെയ്തതിനെ തുടർന്ന് അയൽക്കാർക്ക് ഉള്ളിലേക്ക് കടക്കാനായില്ല. ഫയർഫോഴ്സെത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞിരുന്നു. തുടർന്ന് പൊലീസ് വീട് സീൽചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കായംകുളം എംഎസ്എം കോളേജ് ജീവനക്കാരനായ ഒരു മകനും മകളും ഇവർക്കുണ്ട്.
Story Highlights: gas cylinder blow up 2 dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here