Advertisement

റെഡ്‌സോൺ ജില്ലകളിലും ഹോട്ട്‌സ്‌പോട്ടുകളിലും സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നത് മാർഗനിർദേശം പുറത്തിറക്കി

April 22, 2020
Google News 2 minutes Read

റെഡ്‌സോൺ ജില്ലകളിലും ഹോട്ട്‌സ്‌പോട്ടുകളിലുമടക്കം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നത് സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കി. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണം. സെക്രട്ടറിയേറ്റും കളക്ടറേറ്റുകളും വകുപ്പ് മേധാവികളുടെ ഓഫിസുകളും ഇതിൽ ഉൾപ്പെടും. ജില്ലകളിൽ തന്നെയുള്ള ഏറ്റവും കുറഞ്ഞ എണ്ണം ജീവനക്കാരെ ഉപയോഗിച്ച് ഓഫിസുകളുടെപ്രവർത്തനം ക്രമീകരിക്കണമെന്നതാണ് പ്രധാനപ്പെട്ട നിർദേശം.

സർക്കാർ ജീവനക്കാരുടെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനാണ് ഓഫിസുകളുടെ പ്രവർത്തനം സംബന്ധിച്ച മാർഗ നിർദേശം പുറത്തിറക്കിയിരിക്കുന്നത്. കൊവിഡ് 19 നിർവ്യാപന / പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണം. റെഡ് സോൺ ജില്ലകളിലും ഹോട്ട്‌സ്‌പോട്ട് മേഖലകളിലുമുള്ള ഓഫിസുകളുടെ പ്രവർത്തനം അതേ ജില്ലയിലെ ഏറ്റവും കുറഞ്ഞ എണ്ണം ജീവനക്കാരെ ഉപയോഗിച്ച് ക്രമീകരിക്കണം. ഇളവ് ഉള്ള ജില്ലകളിൽ ഗ്രൂപ്പ് എ, ബി ജീവനക്കാരിൽ 50% ,ഗ്രൂപ്പ് സി, ഡി ജീവനക്കാരിൽ 33% ഉദ്യോഗസ്ഥരും ഓഫിസുകളിൽ എത്തണം. ഗ്രൂപ്പ് ഡി ജീവനക്കാരെ അടിയന്തര ജോലികളിൽ മാത്രം നിയോഗിക്കണം. മറ്റു ജീവനക്കാർക്ക് വകുപ്പ് തലവൻമാരുടെ നിർദേശാനുസരണം വർക്ക് ഫ്രം ഹോം നയം ആവാം.

സെക്രട്ടറിയേറ്റ്, കളക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫിസുകൾ മാർഗ നിർദേശ പ്രകാരം പ്രവർത്തിക്കണം. അവശ്യ സേവനം നടത്തുന്ന ഓഫിസുകളിലെ ജീവനക്കാർ എല്ലാ ദിവസവും ജോലിക്കെത്തണം. പരമാവധി അതത് ജില്ലകളിലെ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണം. അവരെ ലഭ്യമല്ലെങ്കിൽ മാത്രം തൊട്ടടുത്ത ജില്ലകളിലെ ജീവനക്കാരെ നിയോഗിക്കാം. തിരിച്ചറിയൽ കാർഡും ഡ്യൂട്ടി ചാർട്ട് ഉത്തരവും പ്രകാരമായിരിക്കും അന്തർ ജില്ലാ യാത്രയ്ക്കുള്ള അനുമതി.

ഭിന്നശേഷിക്കാർ, ഗുരുതര രോഗ ബാധിതർ, ഗർഭിണികൾ, 5 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവരുടെ രക്ഷകർത്താക്കളെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം. ഫയൽ നീക്കത്തിന് ഇ ഫയലിംഗ് സംവിധാനം ഉപയോഗിക്കണം. ജീവനക്കാർ ബ്രേക്ക് ദി ചെയ്ൻ പാലിക്കുകയും മാസ്‌ക് നിർബന്ധമായും ഉപയോഗിക്കുകയും വേണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

Story highlight: Government Guidelines for Government office on Redzone Districts and Hotspots

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here