റാപ്പിഡ് ടെസ്റ്റ് കിറ്റ് പരിശോധന താത്കാലികമായി നിർത്തിവയ്ക്കണം; സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി ആരോഗ്യ മന്ത്രാലയം

റാപ്പിഡ് ടെസ്റ്റ് കിറ്റ് പരിശോധന താത്കാലികമായി നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ അപര്യാപ്തതയെ കുറിച്ച് ഇന്നലെ രാജസ്ഥാനാണ് ഐസിഎംആറിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഇതിന് പിന്നാലെയാണ് രണ്ട് ദിവസത്തേക്ക് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നിർത്തിവയ്ക്കാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിടുന്നത്.

ദ്രുത പരിശോധന കിറ്റുകളുടെ കൃത്യത ചോദ്യം ചെയ്യപ്പെട്ടതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ഐസിഎംആർ. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. റാപിഡ് ടെസ്റ്റ് താത്ക്കാലികമായി നിർത്തിവച്ചതോടെ സമൂഹവ്യാപനം സംബന്ധിച്ച പഠനവും വഴിമുട്ടി.

ദ്രുത പരിശോധന കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ 90 ശതമാനം കൃത്യതയെങ്കിലും വേണ്ട സ്ഥാനത്ത് 5.4 ശതമാനം മാത്രമാണെന്ന് രാജസ്ഥാൻ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പരാതികൾ ഉയർന്നതോടെ ഇക്കാര്യം അന്വേഷിക്കാനും രണ്ടുദിവസത്തേക്ക് ദ്രുതപരിശോധന നിർത്തിവയ്ക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുമ്പോൾ കൃത്യമായ മാർഗനിർദേശത്തോടെ ഏകീകൃത സംവിധാനം വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. എന്നാൽ, ദൗർഭാഗ്യവശാൽ ആ നിർദേശം പരിഗണിക്കപ്പെട്ടില്ലെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18,985 ആയി ഉയർന്നു. മരണസംഖ്യ 603 ആയി. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഡൽഹി നോയ്ഡ അതിർത്തി പൂർണമായി അടച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ തീവ്ര കൊവിഡ് മേഖലകൾ കേന്ദ്രസംഘം ഇന്നും സന്ദർശിക്കും.

Story Highlights-rapid test, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top