‘എല്ലാ ശ്രദ്ധയും കൊവിഡിനെതിരായ പോരാട്ടത്തിലായിരിക്കണം, അല്ലാത്തതൊന്നും മനുഷ്യത്വപരമല്ല’; ലെനിനെയും സ്പാനിഷ് ഫ്്ളൂവിനെയും ഓർമിപ്പിച്ച് മുഖ്യമന്ത്രി

മറ്റെന്തിനേക്കാളുമുപരിയായി കൊവിഡ്-19 എന്ന ഇന്നത്തെ മഹാമാരിയെ നേരിടുന്നതിലാവണം നമ്മുടെ ശ്രദ്ധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനയോഗത്തിനുശേഷം നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തൽ. ലെനിന്റെ 150 -ാം ജന്മദിനത്തിൽ ഇൻഫ്ളുവൻസ(സ്പാനിഷ് ഫ്ളൂ) എന്ന മഹാമാരിയേയും അതിനെ ചെറുത്തു തോൽപ്പിക്കാനുള്ള ലെനിന്റെ ആഹ്വാനത്തെയും സ്മരിച്ചുകൊണ്ടായിരുന്നു കൊവിഡ് പോരാട്ടത്തിൽ മാത്രമായി നാടിന്റെ ശ്രദ്ധയും താത്പപര്യവും പതിയണമെന്നു മുഖ്യമന്ത്രി പറഞ്ഞത്.

‘ലെനിനെക്കുറിച്ച് ഇപ്പോൾ പറയുന്നതിന് ഒരു സാംഗത്യമുണ്ട്. മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു സ്പാനിഷ് ഫ്ളൂ എന്നറിയപ്പെട്ട 1918ലെ ഇൻഫ്ളൂവൻസ. ലോകവ്യാപകമായി 50 ദശലക്ഷം പേരാണ് അതിൽപ്പെട്ട് മരിച്ചത്. അന്ന് മഹാമാരിയെ ചെറുക്കുന്നതിനേക്കാൾ പല രാജ്യങ്ങളും പ്രാധാന്യം കൽപ്പിച്ചത് ഒന്നാം ലോകമഹായുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനായിരുന്നു. ആ ഘട്ടത്തിൽ ലെനിനാണ് ശത്രുത അവസാനിപ്പിക്കുക എന്ന അന്താരാഷ്ട്ര ആഹ്വാനം നടത്തിയത്. എന്നാൽ, ലെനിന്റെ ആഹ്വാനത്തെ ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ഒരു വശത്തും ജർമ്മനിയും സഖ്യകക്ഷികളും മറുവശത്തും അവഗണിച്ചു തള്ളി. ലെനിന്റെ ആഹ്വാനപ്രകാരം യുദ്ധത്തെക്കാൾ പ്രാധാന്യം മഹാമാരിയെ നേരിടുന്നതിന് നൽകിയിരുന്നെങ്കിൽ പതിനായിരക്കണക്കിന് സൈനികരടക്കമുള്ളവർ ആ രോഗംമൂലം മരിച്ചുവീഴുമായിരുന്നില്ല’; മുഖ്യമന്ത്രി ചരിത്രമോർപ്പിച്ചുകൊണ്ടു പറഞ്ഞു.

ആ ചരിത്രസംഭവം ലെനിന്റെ ഓർമ്മദിനത്തിൽ നമുക്ക് വലിയൊരു പാഠം നൽകുന്നുണ്ടെന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രി കേരളത്തിലെ കോവിഡ് സാഹചര്യങ്ങളിലേക്ക് കടന്നത്. മറ്റെന്തിനേക്കാളുമുപരിയായി കൊവിഡ്-19 എന്ന ഇന്നത്തെ മഹാമാരിയെ നേരിടുന്നതിലാവണം നമ്മുടെ ശ്രദ്ധയെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി, ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങൾക്ക് പരോക്ഷമായ മറുപടിയെന്നോണം തുടർന്ന് പറഞ്ഞത് മനുഷ്യരാശിയെ സ്നേഹിക്കുന്ന ആരും തന്നെ ഈ ശ്രദ്ധയെ ക്ഷീണിപ്പിക്കുകയോ മറ്റൊരു വഴിക്ക് തിരിച്ചുവിടാൻ ശ്രമിക്കുകയോ ചെയ്യില്ലെന്നായിരുന്നു. ‘ഒറ്റക്കെട്ടായി നിന്ന് രോഗത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ. വഴിതിരിച്ചുവിടൽ ശ്രമങ്ങൾ ഈ പോരാട്ടത്തെ ദുർബലപ്പെടുത്താനേ ഉപകരിക്കൂ. അത് മനുഷ്യത്വപരമാണെന്നു പറയാനും കഴിയില്ല’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഷേയ്ക്സ്പിയറിന്റെ മറ്റൊരു വാചകമുണ്ട്: ‘ബുദ്ധിമാന്മാർ പ്രതികൂല ഘടകങ്ങളുടെ മുമ്പിൽ കരഞ്ഞുകൊണ്ടിരിക്കുകയല്ല, മറിച്ച് അവയെ മറികടക്കാൻ ആവേശപൂർവ്വം ശ്രമിക്കുകയാവും ചെയ്യുക’ എന്ന്. ആ വാചകങ്ങൾ നമുക്ക് പ്രചോദനകരമാണ്’ എന്നു കൂടി പ്രതിപക്ഷാരോപണങ്ങളോടുള്ള തന്റെ നിലപാടായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top