നാല് ജില്ലകൾ റെഡ് സോണിൽ തന്നെ തുടരും; മറ്റ് ജില്ലകൾ ഓറഞ്ച് സോണിൽ: മുഖ്യമന്ത്രി

സംസ്ഥാനത്തിലെ നാല് ജില്ലകൾ റെഡ് സോണിൽ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ്, കണ്ണൂർ, കോഴിക്കോറ്റ്, മലപ്പുറം എന്നീ ജില്ലകളാണ് റെഡ് സോണിൽ തന്നെ തുടരുക. മറ്റ് 10 ജില്ലകൾ ഓറഞ്ച് സോണിൽ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
“കണ്ണൂരിൽ 2592 പേർ നിരീക്ഷണത്തിലുണ്ട്. കാസർഗോഡ് 3126 പേരും കോഴിക്കോട് 2770 പേരും നിരീക്ഷണത്തിലാണ്. മലപ്പുറത്ത് 2465 പേർ നിരീക്ഷണത്തിലാണ്. ഈ നാല് ജില്ലകൾ ഒഴികെയുള്ള മറ്റ് 10 ജില്ലകൾ ഓറഞ്ച് സോണിലാണ്. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിയന്ത്രണങ്ങൾ കർശനമായി തുടരും. പോസിറ്റീവ് കേസുകളൊന്നും ഇല്ലാതിരുന്നതു കൊണ്ട് കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ പെടുത്തി ഇളവുകൾ നൽകിയിരുന്നു. എന്നാൽ, ഇന്ന് രണ്ട് ജില്ലകളിലും പുതിയ കേസുകൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഈ ജില്ലകളെ ഗ്രീൻ സോണിൽ നിന്ന് മാറ്റി ഓറഞ്ച് സോണിൽ ഉൾപ്പെടുത്തുകയാണ്. ഓറഞ്ച് സോണിലുള്ള 10 ജില്ലകളിൽ ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ ഉണ്ട്. അതൊക്കെ അടച്ചിടും. മുനിസിപ്പാലിറ്റിയിലെ ഹോട്ട് സ്പോട്ടുകളിൽ ആ വാർഡുകൾ അടച്ചിടും. കോർപ്പറേഷൻ ആണെങ്കിൽ ഡിവിഷനുകൾ അടച്ചിടും.”- മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് 10 പേർക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. 8 പേർ രോഗമുക്തരായി.
Story Highlights: 4 districts in red zone rest is in orange zone kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here