Advertisement

ടി-20 ലോകകപ്പ് മാറ്റിവച്ച് ആ സമയത്ത് ഐപിഎൽ നടത്തണം: ബ്രണ്ടൻ മക്കല്ലം

April 23, 2020
Google News 3 minutes Read

സെപ്തംബറിൽ നടക്കുന്ന ടി-20 ലോകകപ്പ് മാറ്റിവച്ച് ആ സമയത്ത് ഐപിഎൽ നടത്തണമെന്ന് മുൻ ന്യൂസിലൻഡ് താരവും കൊൽകത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനുമായ ബ്രണ്ടൻ മക്കല്ലം. ടി-20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റി ആ സമയത്ത് ഐപിഎൽ നടത്തണമെന്നാണ് മക്കല്ലത്തിൻ്റെ നിർദ്ദേശം. സ്കൈ സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് മക്കല്ലത്തിൻ്റെ നിർദ്ദേശം.

“ഐപിഎൽ ഒക്ടോബർ വിൻഡോ ലക്ഷ്യം വെക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ടി-20 ലോകകപ്പ് മാറ്റിവെക്കണം. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ഈ സമയത്ത്‌ 16 രാജ്യാന്തര ടീമുകളേയും, അവരുടെ സപ്പോര്‍ട്ട്‌ സ്‌റ്റാഫിനേയും, ബ്രോഡ്‌കാസ്‌റ്റേഴ്‌സിനേയുമെല്ലാം ഓസ്ട്രേലിയയിൽ എത്തിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ട്വന്റി20 ലോകകപ്പ്‌ നടത്താനാവുമെന്നും എനിക്ക്‌ തോന്നുന്നില്ല. 2021 തുടക്കത്തിൽ ടി-20 ലോകകപ്പിനു സമയം കണ്ടെത്താനായാൽ ഒക്ടോബറിൽ ഐപിഎൽ നടത്താം.”- മക്കല്ലം പറയുന്നു.

എന്നാൽ, ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ ഓഗസ്റ്റിനു മുൻപ് തീരുമാനം എടുക്കില്ലെന്നാണ് ഐസിസിയുടെ നിലപാട്. ലോകവ്യാപകമായി കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ലോകകപ്പ് മാറ്റിവച്ചേക്കും എന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഐസിസിയുടെ പ്രതികരണം.

ഒക്ടോബർ 18നാണ് ടി-20 ലോകകപ്പ് ആരംഭിക്കുക. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയ അതിർത്തികൾ അടച്ചിരിക്കുകയാണ്. സെപ്തംബർ വരെ രാജ്യത്ത് യാത്രാവിലക്കാണ്.

അതേ സമയം, കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ 2020 അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ടൂർണമെൻ്റ് നീട്ടിവക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.

Story Highlights: Brendon McCullum Suggests Postponement Of T20 World Cup To 2021 With IPL Taking Its Slot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here