ലോക്ക് ഡൗണിൽ തന്നെ സംതൃപ്തിപ്പെടുത്തിയ കാര്യം; അൽഫോൺസ് കണ്ണന്താനത്തിന്റെ കുറിപ്പ്

ലോക്ക് ഡൗണിൽ തന്നെ സംതൃപ്തിപ്പെടുത്തിയ കാര്യത്തെ കുറിച്ച് തുറന്നെഴുതി അൽഫോൺസ് കണ്ണന്താനം എംപി. ബ്രിട്ടനിൽ നിന്ന് രോഗിയെയും കുടുംബത്തെയും നാട്ടിലെത്തിക്കാൻ നടത്തിയ ശ്രമങ്ങളും അത് ഫലവത്തായതുമാണ് കണ്ണന്താനം തന്റെ കുറിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ചടുലമായ നീക്കങ്ങളെക്കുറിച്ചും കണ്ണന്താനം കുറിപ്പിൽ പറയുന്നുണ്ട്. തന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പായ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവിലൂടെ ആയിരം കാര്യങ്ങൾ ചെയ്‌തെങ്കിലും കോഴിക്കോട് സ്വദേശിയെയും കുടുംബത്തെയും നാട്ടിലെത്തിക്കാൻ കഴിഞ്ഞതാണ് സംതൃപ്തിയേകിയതെന്നും മറ്റന്നാൾ അവർ കരിപ്പൂരിൽ വിമാനം ഇറങ്ങുമെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പ് വായിക്കാം,
ഐഎഎസ് ഉദ്യോഗസ്ഥൻ, എംഎൽഎ, കേന്ദ്ര മന്ത്രി, എംപി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇന്ന് എനിക്ക് ജീവിതത്തിൽ ഏറ്റവും തൃപ്തി നൽകിയ ദിവസങ്ങളിൽ ഒന്നായിരുന്നു. ബ്രിട്ടനിൽ ജോലി ചെയ്തിരുന്ന മലയാളിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ എൻഎച്ച്എസ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു, അവിടത്തെ ആശുപത്രി സംവിധാനങ്ങൾക്ക് കൂടുതലൊന്നും ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സമയത്താണ് അദ്ദേഹം കുടുംബത്തോടൊപ്പം സ്വദേശമായ കോഴിക്കോട്ടേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
ടോംസ് ആദിത്യ എന്ന കേരളാ വംശജനായ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്കിലെ മേയർ ഇതേക്കുറിച്ച് എനിക്ക് എഴുതി. എന്റെ വാട്‌സാപ്പ് ഗ്രൂപ്പായ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവിന്റെ സഹായം അഭ്യർത്ഥിച്ചായിരുന്നു രണ്ട് ദിവസം മുൻപ് അദ്ദേഹം കുറിച്ചത്. ഇന്നലെ കേന്ദ്ര സർക്കാരുമായി ഈ വിഷയം സംസാരിച്ചു. അങ്ങനെ ആ അത്ഭുതം നടന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ഇന്നലെ രാത്രി ഒൻപതോടെ ലഭിച്ചു. സിവിൽ ഏവിയേഷൻ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് ചീഫ് സെക്രട്ടറി. ഡിജിസിഎ എന്നിവരുടെ സമ്മതം രണ്ട് ദിവസം കൊണ്ട് ലഭിച്ചു. എത്ര എളുപ്പമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സംസ്ഥാനത്തിന്റെ അടുക്കൽ നിന്നുമുള്ള കാര്യങ്ങൾ ശരിയായത്. ഇത്രയും പെട്ടെന്ന് കാര്യങ്ങൾ ശരിയാവുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.
രോഗിയെയും കുടുംബത്തെയും വഹിച്ചുകൊണ്ടുള്ള വിമാനം 24ന് രാത്രി ബ്രിട്ടനിൽ നിന്ന് പുറപ്പെടും. 25ന് രാവിലെ അത് കോഴിക്കോട് വിമാനത്താവളത്തിലെത്തും. വളരെ വികാരഭരിതമായ നിമിഷങ്ങളായിരിക്കും അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകുക.
നിരവധി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരും അവരുടെ സ്റ്റാഫും ഇതിനായി സഹായിച്ചു. അവരോട് ഞാൻ നന്ദി അറിയിക്കുന്നു.
നമ്മളെല്ലാവരും ദൈവത്തിന്റെ കൈയിലെ ഉപകരണങ്ങളാണ്. നമ്മൾ വലിയ പരിശ്രമങ്ങളിൽ ഏർപ്പെടുമ്പോൾ അവൻ അത് നടക്കാൻ അനുവദിക്കുന്നു.
ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവിന് കഴിഞ്ഞ 50 ദിവസം കൊണ്ട് ആയിരക്കണക്കിന് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. വാട്‌സാപ്പുമായി ലോക്ക് ഡൗണിൽ വീട്ടിലിരിക്കുമ്പോൾ ഇക്കാര്യമാണ് എന്നെ ഏറ്റവും സംതൃപ്തിപ്പെടുത്തിയത്.
Story highlights-kannathanam, helping software engineer to comback from london
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here