കൊവിഡ് 19: നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരെയും അറസ്റ്റിലായവരെയും പ്രത്യേക ജയിലുകളിൽ പാർപ്പിക്കും; യോഗി ആദിത്യനാഥ്

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരെയും അറസ്റ്റിലായി പോസിറ്റീവ് ആയവരെയും പ്രത്യേക ജയിലുകളിൽ പാർപ്പിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 23 താത്കാലിക ജയിലുകളാണ് ഇതിനായി സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. മുറാദാബാദ് ജയിലിലെ ആറ് തടവുകാർക്ക് കൊവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ് ആയതോടെയാണ് പുതിയ നീക്കം.
തടവുകാർക്കും രോഗബാധ ഉണ്ടാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഏപ്രിൽ 15ന് മൊറാദാബാദിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതിന് അറസ്റ്റിലായ ആറു പേരിൽ അഞ്ച് പേർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാവാം തടവുകാർക്ക് രോഗബാധ പടർന്നതെന്നാണ് നിഗമനം.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 3000 പേരെയാണ് 20 ജില്ലകളിൽ നിന്നായി ഉത്തർപ്രദേശ് പൊലീസ് കണ്ടെത്തിയത്. ഇവരുടെയും ഇവരുമായി കോണ്ടാക്ടിൽ വന്നവരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 1184 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗുജറാത്തിൽ 814 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്ഥി പറയുന്നു.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയ 325 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പാസ്പോർട്ട് പിടിച്ചെടുത്തിരിക്കുകയാണ്. ഇവരെയും പ്രത്യേക ജയിലുകളിൽ തന്നെ പാർപ്പിക്കും.
ഉത്തർപ്രദേശ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി യുപിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാരാണ് വീഡിയോകളിലൂടെ സർക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. തങ്ങൾക്കും ഒപ്പമുള്ള മറ്റ് ആരോഗ്യ പ്രവർത്തകർക്കും വൃത്തിഹീനമായ താമസസൗകര്യങ്ങളും മോശം ഭക്ഷണവുമാണെന്ന് വീഡിയോകളിലൂടെ ഡോക്ടർമാർ പറയുന്നു.
അതേ സമയം, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 681 പേരാണ്. ഡൽഹിയിലും മുംബൈയിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഗുജറാത്തിൽ മാത്രം നൂറിലേറെ പേർ മരിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 5500 കടന്നപ്പോൾ മരണസംഖ്യ 269 ആയി.
Story Highlights: Keep Arrested Delhi Mosque Attendees, COVID Suspects In Temporary Jails: Yogi Adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here