കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ അന്തർ മന്ത്രിതല സംഘത്തിന് രൂപം നൽകി കേന്ദ്രം

കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച മാർഗങ്ങൾ വിലയിരുത്താൻ കേന്ദ്ര അന്തർ മന്ത്രിതല സംഘത്തിന് രൂപം നൽകി കേന്ദ്ര സർക്കാർ. 2005ലെ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ നടപ്പാക്കിയ സാഹചര്യത്തിൽ ഉയരുന്ന പരാതികളും പ്രശ്നങ്ങളും പരിശോധിക്കുകയാണ് മന്ത്രിതല സമിതിയുടെ പ്രധാന അജണ്ട. ഇതനുസരിച്ച് രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ, പൊലീസുകാരെ ആക്രമിക്കൽ, പൊതുസ്ഥലങ്ങളിൽ സാമൂഹ്യഅകലം പാലിക്കാതിരിക്കൽ, നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെ തടസപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങളും സംഘം വിലയിരുത്തും.

കേന്ദ്രസർക്കാർ രൂപീകരിച്ച അന്തർ മന്ത്രിതല സംഘത്തിൽ രണ്ടെണ്ണം ഗുജറാത്തിലേക്കും ഓരോന്ന് വീതം തെലങ്കാന, തമിഴ്നാട്, മഹരാഷ്ട്ര എന്നിവിടങ്ങളിലേക്കുമാണ് നിയോഗിക്കുക. മുംബൈയിലേക്കും പൂനെയിലേക്കും നേരത്തെ നിയോഗിച്ച് സംഘത്തെ വിപുലീകരിച്ചാണ് മഹാരാഷ്ട്രയിൽ നിയോഗിക്കുന്നത്. പരാതി ഉയർന്നിട്ടുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന സംഘം സ്ഥിതിഗതികൾ വിലയിരുത്തി സംസ്ഥാന സർക്കാറിന് വേണ്ട പരിഹാര നിർദേശങ്ങൾ നൽകും. പൊതുജന താൽപര്യം മുൻനിർത്തി കേന്ദ്രത്തിനും സംഘം റിപ്പോർട്ട് നൽകും. കൊവിഡ് വ്യാപനത്തിന് എതിരായ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടത്തുന്ന പരിശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സംഘത്തിന്റെ പ്രവർത്തനത്തിലൂടെ കഴിയും.

2005 ലെ ദുരന്ത നിവാരണ നിയമത്തിലെ 35(1),35(2) (മ), 35(2) (ല), 35(2) (ശ) എന്നീ വകുപ്പുകൾ പ്രകാരമാണ് സർക്കാർ കേന്ദ്ര അന്തർ മന്ത്രിതല സംഘത്തിന് രൂപം നൽകിയത്. സംഘത്തിന്റെ സന്ദർശനം ഉടൻ ആരംഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top