Advertisement

‘എന്റെ കൊറോണ പോരാളികള്‍’; ഇ പോസ്റ്റ് പദ്ധതിക്ക് തുടക്കമിട്ട് കേരളാ തപാല്‍ സര്‍ക്കിള്‍

April 24, 2020
Google News 1 minute Read

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ആദരമായി കേരള തപാല്‍ സര്‍ക്കിള്‍ പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി ‘എന്റെ കൊറോണ പോരാളികള്‍’ എന്ന ഇപോസ്റ്റ് പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. തപാല്‍ വകുപ്പിലെ ജീവനക്കാരുടെ സേവനങ്ങളെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ലോക്ക്ഡൗണ്‍ കാലത്ത് സഞ്ചരിക്കുന്ന തപാല്‍ ഓഫീസുകള്‍ സജ്ജമാക്കിയും ജീവന്‍രക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം നടത്തിയും തപാല്‍ വകുപ്പ് മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പരിമിതമായ സഞ്ചാരസ്വാതന്ത്ര്യമുള്ളവര്‍, അശരണര്‍, വിധവകള്‍, മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കുള്ള ക്ഷേമപെന്‍ഷനുകള്‍ അവരുടെ വീടുകളിലെത്തിച്ചു.

48.76 കോടി രൂപയുടെ 3,13,719 ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീട്ടുപടിക്കലെത്തിച്ചു. കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇടമലക്കുടി ഗ്രാമത്തിലെ ആദിവാസി ഊരുകളില്‍ 74 ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തു. 16.91 കോടി രൂപയുടെ 21,577 സര്‍വീസ് പെന്‍ഷനുകളും ഇത്തരത്തില്‍ വിതരണം ചെയ്യുകയുണ്ടായി. ബാങ്കിലോ എടിഎമ്മിലോ പോകാതെ ഉപഭോക്താക്കള്‍ക്ക് പണം വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയും നടപ്പാക്കിയിരുന്നു. 48,598 ഉപഭോക്താക്കള്‍ അവരവരുടെ വീട്ടുപടിക്കല്‍ തന്നെ പോസ്റ്റ്മാനില്‍ നിന്നും ഇത്തരത്തില്‍ പണം കൈപ്പറ്റിയതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here