‘കൊറോണ’ എന്ന് പേര്; കൂട്ടുകാർ കളിയാക്കുന്നു; കത്തെഴുതിയ എട്ട് വയസുകാരന് പ്രത്യേക സമ്മാനം നൽകി ടോം ഹാങ്ക്‌സ്

‘കൊറോണ’ എന്ന് പേര് ആയതുകൊണ്ട് കളിയാക്കൽ നേരിടേണ്ടി വന്ന കുട്ടിക്ക് ‘കൊറോണ’ കമ്പനിയുടെ ടൈപ്പ്‌റൈറ്റർ അയച്ചുകൊടുത്ത് പ്രമുഖ ഹോളിവുഡ് നടൻ ടോം ഹാങ്ക്‌സ്. കൊറോണ ഡി വ്രിസ് എന്നാണ് എട്ട് വയസുകാരന്റെ പേര്. ഓസ്‌ട്രേലിയയില്‍ ക്യൂൻസ് ലാൻഡിലെ ഗോൾഡ് കോസ്റ്റിൽ താമസിക്കുന്ന കൊറോണയ്ക്ക് എഴുതിയ കത്തിൽ ടോം പറയുന്നത് തനിക്ക് അറിയാവുന്നതിൽ വച്ച് കൊറോണ എന്നു പേരുള്ള വ്യക്തി നീ മാത്രമാണ് എന്നാണ്.

ടോം ഹാങ്ക്‌സിനും ഭാര്യ റിതാ വിൽസണും കൊറോണ ഡി വ്രിസ് കത്ത് എഴുതുന്നത് കൊവിഡ് പിടിപെട്ട് രണ്ടാഴ്ചയിൽ അധികമായി ക്വാറന്റീനിൽ ഇരിക്കുമ്പോഴാണ്. ആദ്യ കത്തിൽ അവൻ താരങ്ങളുടെ സുഖവിവരമാണ് അന്വേഷിച്ചത്. ‘നിങ്ങൾക്കും ഭാര്യക്കും കൊറോണ വൈറസ് പിടിപെട്ടെന്ന് വാർത്തയിലൂടെ അറിഞ്ഞു. നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?’ കൊറോണ ഡി വ്രിസ് പറയുന്നത് അവന് സ്വന്തം പേര് വളരെ ഇഷ്ടമാണെന്നാണ്. എന്നാൽ സ്‌കൂളിലുള്ളവർ തന്നെ കൊറോണ വൈറസ് എന്ന് വിളിച്ച് കളിയാക്കുന്നു. അവന് അത് കേൾക്കുമ്പോൾ സങ്കടവും ദേഷ്യവുമാണ് വരുന്നത്.

മറുപടിയിൽ കൊറോണയുടെ കത്ത് തനിക്കും ഭാര്യക്കും വളരെ സന്തോഷമുണ്ടാക്കിയെന്ന് ഹാങ്ക്‌സ് എഴുതി. അവനായി ഗോള്‍ഡ് കോസ്റ്റിലേക്ക് അയച്ച് കൊറോണ കമ്പനിയുടെ ടൈപ്പ് റൈറ്ററിലാണ് ഹാങ്ക്‌സ് കത്ത് ടൈപ്പ് ചെയ്തത്. ‘നിനക്കറിയാമോ, എനിക്ക് അറിയുന്നതിൽ കൊറോണ എന്ന് പേരുള്ള ആൾ നീ മാത്രമാണ്. സൂര്യനു ചുറ്റുമുള്ള വളയം പോലെ, അത് കിരീടമാണ്. ഈ ടൈപ്പ് റൈറ്റർ നിനക്ക് യോജിക്കുമെന്ന് വിചാരിക്കുന്നു. മുതിർന്ന ആരോടെങ്കിലും ചോദിച്ച് ഇതിന്റെ പ്രവർത്തന രീതി മനസിലാക്കൂ. എന്നിട്ട് ഒരു മറുപടി കത്ത് എനിക്ക് എഴുതണം’ എന്നും ടോം ഹാങ്ക്‌സ്. നിനക്ക് ഞാൻ ഒരു സുഹൃത്തായിരിക്കുമെന്നും ഹാങ്ക്‌സ് കൊറോണക്ക് എഴുതിയ കത്തിൽ കൂട്ടിച്ചേർത്തു.

Story highlights-Tom hanks,australian boy named corona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top