ബസ് ചാർജ് വർധന സർക്കാരിന്റെ പരിഗണനയിലില്ല : ഗതാഗത മന്ത്രി

ബസ് ചാർജ് വർധന സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. താത്കാലികമായി ബസ് ചാർജ് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകളും ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ ചാർജ് വർധയെ കുറിച്ച് ചന്തിക്കുന്നില്ലെന്നും മറ്റ് കാര്യങ്ങൾ ലോക്ക്ഡൗണിനു ശേഷം ചർച്ച ചെയ്തു പരിഹരിക്കുമെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.

ലോക്ഡൗണിന് ശേഷം സർവീസ് നടത്തുമ്പോഴുള്ള നഷ്ടം കുറയ്ക്കാൻ ബസുകൾക്ക് റോഡ് നികുതിയിലോ ഇന്ധനനികുതിയിലോ ഇളവ് നൽകണമെന്ന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷവും സാമൂഹ്യ അകലം പാലിക്കണമെന്നതിനാൽ മൂന്നിലൊന്ന് യാത്രക്കാരെ മാത്രമേ ഒരു ബസിൽ അനുവദിക്കുകയുള്ളു. അങ്ങനെയെങ്കിൽ ഒരു ബസ് ഓടിയിരുന്ന സ്ഥാനത്ത് മൂന്ന് ബസുകൾ സർവീസ് നടത്തേണ്ടിവരും. ഇതുമൂലം ഒരു ദിവസം 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. ഒന്നുകിൽ ഈ തുക സർക്കാർ നൽകുകയോ അതല്ലെങ്കിൽ സംസ്ഥാന സർക്കാർ ഈടാക്കുന്ന ഇന്ധന നികുതിയിൽ ഇളവ് നൽകുകയും വേണമെന്നാണ് ആവശ്യം.

എന്നാൽ താത്കാലികമായി ബസ് ചാർജ് വർധിപ്പിക്കണമെന്നും , റോഡ് നികുതിയിലടക്കം ഇളവ് അനുവദിക്കണമെന്നു സ്വകാര്യ ബസ്സുടമകളും വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് നികുതി ഇളവടക്കം ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് സർക്കാരിന് ശുപാർശ നൽകിയത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നികുതി ഇളവ് സർക്കാർ അംഗീകരിക്കാൻ സാധ്യത ഇല്ലെന്നാണ് സൂചന. അടിയന്തിര സാഹചര്യം പരിഗണിച്ചു സ്വകാര്യ ബസുകൾക്ക് ഏപ്രിൽ മാസത്തെ റോഡ് നികുതി ഒഴിവാക്കി നൽകിയിരുന്നു. ആവശ്യം പരിഗണിച്ചില്ലെങ്കിൽ അടുത്ത ഒരു വർഷത്തേക്ക് ബസുകൾ ഓടിക്കില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.

Story Highlights- bus charge, ak saseendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top