എല്ലാവർക്കും ഒരു റോൾമോഡലായിരുന്നു രവിയേട്ടൻ: ജഗദീഷ്

എല്ലാവർക്കും ഒരു റോൾമോഡലായിരുന്നു നടൻ രവി വള്ളത്തോൾ. രവിയേട്ടനെന്നാണ് ഞങ്ങൾ വിളിക്കാറ്. സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങൾ എല്ലാവരെയും അറിയിക്കുന്ന ഒരു സ്വഭാവക്കാരനല്ലായിരുന്നു രവിയേട്ടൻ. വളരെ സജീവമായി എല്ലാ കാര്യങ്ങളിലും ഇടപഴകിയിട്ടുണ്ട് അദ്ദേഹം. താരങ്ങളുടെ സംഘടനാ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കെടുത്തിരുന്നു. എല്ലാവർക്കും റോൾമോഡലായി കണക്കാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
മോഡൽ സ്കൂളിൽ രവിയേട്ടനും ജഗതി ശ്രീകുമാറും വേണുനാഗവള്ളിയുമെല്ലാം ഒരെ കാലഘട്ടത്തിലാണ് പഠിച്ചത്. അവരുടെ ജൂനിയേഴ്സായിട്ടാണ് ഞാനും പ്രിയദർശനും മണിയൻപിള്ള രാജുവും മോഹൻലാലും പഠിച്ചത്. ആ സമയങ്ങളിലൊക്ക വളരെ സജീവമായി നാടകങ്ങളിലെല്ലാം അഭിനയിച്ചിട്ടുള്ള ഒരു കലാകാരനായിരുന്നു രവിയേട്ടൻ. സ്കൂൾ നാടകങ്ങളിലെ ഫീമെയിൽ റോളുകളായിരുന്നു കൂടുതൽ കൈകാര്യം ചെയ്തിരുന്നത്.
അത് ഒരു കാഴ്ച തന്നെയായിരുന്നു. ഒരു സ്ത്രീ തന്നെയാണ് അഭിനയിക്കുന്നതെന്ന തോന്നലായിരുന്നു അത് കാണുന്നവർക്കെല്ലാം. ചമയമൊക്കെ കഴിഞ്ഞ് വരുമ്പോൾ അത്രത്തോളം ഇംപാക്റ്റ് കാണികളിലേക്ക് എത്തിക്കാൻ രവിയേട്ടന് സാധിക്കുമായിരുന്നു. ഓൾഡ് സ്കൂൾ ബോയ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ലഹരി എന്ന നാടകത്തിൽ രവിയേട്ടനോടൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ വേഷമായിരുന്നു അന്ന് അതിൽ അവതരിപ്പിച്ചത്.
മാർ ഈവാനിയോസ് കോളജിലെ പഠന കാലത്തും ജഗതിശ്രീകുമാറും രവിയേട്ടനും ഒരുമിച്ചുണ്ടായിരുന്നു. അവിടെയും ഫീമെയിൽ റോളുകളായിരുന്നു കൂടുതൽ കൈകാര്യം ചെയ്തിരുന്നത്. കലാരംഗത്ത് ദൂരദർശനിലെ സീരിയലുകളിലൂടെയാണ് പ്രശസ്തനായത്. സംസ്ഥാന സർക്കാരിന്റെ മികച്ച സീരിയൽ നടനുള്ള അവാർഡ് നേടിയിട്ടുണ്ട്. സാഹിത്യപരമായുള്ള പിന്തുണ ഉണ്ടായിരുന്നതുകൊണ്ട് നിരവധി റേഡിയോ നാടകങ്ങളിൽ പങ്കെടുക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.
സൗമ്യനും മിതഭാഷിയും ആയിരുന്നു രവിയേട്ടൻ. ലളിതമായ ജീവിതമായിരുന്നു. എല്ലാവർക്കും സ്വീകാര്യനായിരുന്നു. ശത്രുക്കൾ ആരും തന്നെ ഇല്ലായിരുന്നു അദ്ദേഹത്തിന്. എവിടെ ചെന്നാലും പുഞ്ചിരിക്കുന്ന മുഖത്തോടുകൂടി എല്ലാവരോടും ഇടപെടുന്നയാളായിരുന്നു. കഴിവിന് അനുസരിച്ചുള്ള വേഷങ്ങൾ സിനിമയിൽ ലഭിച്ചിരുന്നില്ലെന്ന ഒരു പരാതി സ്വകാര്യ സംഭാഷണങ്ങളിലൊക്കെ അദ്ദേഹം പങ്കുവച്ചിട്ടുണ്ടായിരുന്നു
Story highlights-Ravi Vallathol,jagadish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here