എറണാകുളം ജില്ലയിലെ മാർക്കറ്റുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയിലെ മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ വ്യാപാരി പ്രതിനിധികളുമായി മന്ത്രി വി.എസ് സുനിൽകുമാർ നടത്തിയ ചർച്ചയിലാണ് ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്.

ജില്ലയിൽ തന്നെ കൂടുതൽ ആളുകളെത്തുന്ന എറണാകുളം മാർക്കറ്റിൽ ചരക്കുകൾ ഇറക്കുന്നത് രാത്രി ഒന്നിനും രാവിലെ ആറിനുമിടയിലായി നിജപ്പെടുത്തും. ക്രമീകരണം തിങ്കളാഴ്ച മുതൽ നടപ്പാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. പൊതു ജനങ്ങളും ചരക്കുമായി എത്തുന്ന ട്രക്ക് ഡ്രൈവർമാരും തമ്മിലുള്ള സമ്പർക്കം പൂർണമായി ഒഴിവാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും. ട്രക്ക് ഡ്രൈവർമാർ അനാവശ്യമായി വാഹനം വിട്ട് പുറത്തിറങ്ങരുത്. അവരുടെ വിശ്രമത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം, പ്രത്യേകമായ ശുചിമുറികൾ തയാറാക്കണം. കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മാർക്കറ്റ് അടച്ച പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിലാണ് ജില്ലയിലെ ക്രമീകരണങ്ങൾ.

ഇതിനു പുറമേ എറണാകുളം മാർക്കറ്റിൽ വഴിയോര കച്ചവടം താത്കാലികമായി നിർത്തലാക്കാനാണ് തീരുമാനം. ഇതിന് ബദൽ സൗകര്യമൊരുക്കി ഇത്തരം കച്ചവടക്കാർക്ക് മറൈൻ ഡ്രൈവിനു സമീപം പ്രത്യേക സൗകര്യം ക്രമീകരിച്ചു നൽകും. സാമൂഹിക അകലം പാലിച്ചു കൊണ്ടു മാത്രമേ കച്ചവടം അനുവദിക്കു. മുമ്പ് കച്ചവടം നടത്തിയിരുന്ന പഴം, പച്ചക്കറി വ്യാപാരികൾക്ക് മാത്രമേ പുതിയ സംവിധാനത്തിൽ സ്ഥലം അനുവദിച്ചു നൽകുയുള്ളു.
ഹൈബി ഈഡൻ എംപി, എറണാകുളം എംഎൽഎ ടി.ജെ വിനോദ്, ജില്ല കളക്ടർ എസ്. സുഹാസ്, മേയർ സൗമിനി ജയിൻ, എസ്പി കെ. കാർത്തിക്ക്, ഡിസിപി ജി. പൂങ്കുഴലി, ജില്ല മെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Story highlights-ernakulam,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top