റെഡ് സോണിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ : മുഖ്യമന്ത്രി

റെഡ് സോണിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ കാസര്‍ഗോഡ് ജില്ലയില്‍ നടപ്പാക്കിയതുപോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പട്രോളിംഗ് ശക്തിപ്പെടുത്തും. അവശ്യസാധനങ്ങള്‍ പൊലീസ് വാങ്ങി വീടുകളില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മറ്റു ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് മേഖലകള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയില്‍ കൂടി മാത്രമാക്കി. ഇത്തരം സ്ഥലങ്ങളില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിച്ചു. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ അറുപതു മണിക്കൂര്‍ നേരത്തേയ്ക്ക് ലോക്ക്ഡൗണ്‍ ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളിലെ പൊലീസ് പരിശോധന കര്‍ശനമാക്കും. ഈ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ചരക്കുവാഹനങ്ങളുടെ നീക്കം കഴിവതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി.

ലോക്ക്ഡൗണില്‍ നിരവധി ഇളവുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന് തുറന്നിരിക്കുന്ന സ്ഥാപന ഉടമകളെ പൊലീസ് സഹായിക്കും. കൈകള്‍ കഴുകുക, മാസ്‌ക്ക് ധരിക്കുക, മറ്റൊരാളില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക എന്നിവ നടപ്പാക്കാനാണ് പൊലീസ് സഹായിക്കുന്നത്. ഇതിന് ആവശ്യമായ നിര്‍ദേശം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Story Highlights- Triple lockdown in hotspot areas in the Red Zone; CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top