കൊവിഡ്; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് എതിരെ കേസെടുക്കുമെന്ന് കോട്ടയം കളക്ടർ

കൊവിഡ്-19 മായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ പി കെ സുധീർ ബാബു. നാട്ടിൽ രോഗഭീതി പരത്തുകയും വ്യക്തികൾക്കും കുടുംബങ്ങൾക്കും മാനസിക സമ്മർദമുണ്ടാക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ തയാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം, ഐ.ടി. ആക്ട് തുടങ്ങിയവ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് കളക്ടർ അറിയിച്ചു.

രോഗവ്യാപന പഠനത്തിന്റെ ഭാഗമായി രോഗലക്ഷണങ്ങൾ ഇല്ലാത്തവരുടെയും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയവർക്ക് ഹോം ക്വാറന്റീൻ നിർദേശിക്കുന്നു. രോഗപ്രതിരോധ നടപടികളുടെ ഭാഗമായ ഈ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നവർക്ക് രോഗബാധയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.

രോഗം സ്ഥിരീകരിച്ചവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സർക്കാർ സംവിധാനങ്ങളിലൂടെയും മാധ്യമങ്ങൾ മുഖേനയും നൽകുന്നുണ്ട്. വ്യാജപ്രചാരണങ്ങൾക്കെതിരെ സർക്കാരിന്റെ ആന്റി ഫേക്ക് ന്യൂസ് ഡിവിഷനും പൊലീസ് സൈബർ സെല്ലും ജാഗ്രത പുലർത്തുന്നുണ്ടെന്നും കളക്ടർ.

അതേസമയം കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മണർകാട് സ്വദേശിയായ ലോറി ഡ്രൈവർ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകന്റെ മാതാവ് (60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയിൽ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

Story highlights-fake news,kottayam,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top