അമിത വിലയും അളവ് തൂക്ക വെട്ടിപ്പും: സംസ്ഥാനത്ത് 33.72 ലക്ഷം രൂപ പിഴ ഈടാക്കി

ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ അമിത വില ഈടാക്കുകയും അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയും ചെയ്ത കടകളില്‍ നിന്ന് പിഴയായി 33.72 ലക്ഷം രൂപ ഈടാക്കി. ലീഗല്‍ മെട്രോളജി നിയമങ്ങള്‍ ലംഘിച്ച 1108 കടകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കിയത്. 10,138 പരിശോധനകളാണ് ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനത്താകെ നടത്തിയത്.

മുഖാവരണത്തിന് അമിത വില ഈടാക്കിയത് 40 കേസുകളും, സാനിറ്റൈസറിനും കുപ്പിവെള്ളത്തിനും പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയതിന് 339 കേസുകളും രജിസ്റ്റര്‍ ചെയ്തു. തൂക്കത്തില്‍ കൃത്രിമം കാണിച്ച 129 റേഷന്‍ കടകള്‍ക്കെതിരെ കേസെടുത്തു. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതുള്‍പ്പെടെയുള്ള മറ്റ് നിയമ ലംഘനങ്ങള്‍ക്ക് 600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പിഴ അടയ്ക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ കൃത്യത ഉറപ്പുവരുത്തി മുദ്ര ചെയ്ത അളവ് തൂക്ക ഉപകരണങ്ങള്‍ മാത്രമേ വ്യാപാരികള്‍ ഉപയോഗിക്കുവാന്‍ പാടുള്ളൂ. മുദ്ര ചെയ്ത സര്‍ട്ടിഫിക്കറ്റ് കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഡിജിറ്റല്‍ ഡിസ്പ്ലേ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക രീതിയില്‍ ത്രാസ് ഉപയോഗിക്കണം. നിയമാനുസൃത പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെടി വര്‍ഗീസ് പണിക്കര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. ഉപഭോക്താക്കള്‍ക്ക് കണ്‍ട്രോള്‍ റൂമിലും 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പരിലും സുതാര്യം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും lmd.kerala.gov.in എന്ന വെബ്സൈറ്റിലും പരാതികള്‍ അറിയിക്കാമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.

Story highlights-Excessive Price and Weight Loss: imposed a fine of Rs 33.72 lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top