കൊറോണ പരിശോധന തടസപ്പെടുത്താൻ ശ്രമം; ജെഡിഎസ് എംഎൽസിയ്ക്കും മകനും എതിരെ കേസ്

മാധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ കൊവിഡ് 19 പരിശോധന തടസപ്പെടുത്താൻ ശ്രമം നടത്തിയ ജെഡിഎസ് എംഎൽസിയ്ക്കും മകനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്. എംഎൽസി കെടി ശ്രീകാന്ത് ഗൌഡ, മകൻ ക്രിഷിക്, മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്. കർണാടക മാണ്ഡ്യയിൽ സംഘടിപ്പിച്ച കൊറോണ പരിശോധന തടസപ്പെടുത്താൻ ശ്രമിച്ച ഇവർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തിരുന്നു.

തങ്ങളുടെ വീടിനരികിലുള്ള അംബേദ്കർ ഭവനിൽ വെച്ച് നടത്തിയ വൈറസ് പരിശോധനയെ ശ്രീകാന്തും മകൻ ക്രിഷികും മറ്റ് മൂന്ന് പേർക്കൊപ്പം ചേർന്ന് എതിർക്കുകയായിരുന്നു. പരിശോധനക്കെത്തിയ ഇവർ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന വീഡീയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംസ്ഥാന സർക്കാരിൻ്റെ നിർദേശപ്രകാരം ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷനുമായി ചേർന്ന് ജില്ലാ ഭരണകൂടമാണ് ജില്ലയിലെ മാധ്യമപ്രവർത്തകർക്ക് വൈറസ് പരിശോധന സംഘടിപ്പിച്ചത്. എന്നാൽ എംഎൽസി ഇത് എതിർത്തു. വീടിനടുത്ത് വെച്ച് പരിശോധന നടത്തുന്നത് വഴി പ്രദേശത്ത് രോഗം വ്യാപിക്കുമെന്ന ഭീതിയെത്തുടർന്നാണ് ആളുകളുമായെത്തി പരിശോധന തടസപ്പെടുത്താൻ ഇവർ ശ്രമിച്ചത്.

സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും അധിക്ഷേപിച്ച ഇവർക്കെതിരെ മാധ്യമ പ്രവർത്തകർ രംഗത്തെത്തി. ഇതാണ് കലഹത്തിലേക്ക് വഴി തെളിച്ചത്. ഇതിനിടെ കൃഷിക് ചില മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് പൊലീസിൻ്റെ വിശദീകരണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Story Highlights: JD(S) MLC, son booked for obstructing Covid-19 test for journalists in Mandya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top